യു പിയില്‍ ബി ജെ പിയെ തോല്‍പ്പിക്കാന്‍ സഖ്യത്തിന് തയ്യാറെന്ന് ഒവൈസി

യു പിയില്‍ ബി ജെ പിയെ തോല്‍പ്പിക്കാന്‍ സഖ്യത്തിന് തയ്യാറെന്ന് ഒവൈസി


മൊറാദാബാദ്: 2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ സമാജ്വാദി പാര്‍ട്ടി (എസ് പി) അധ്യക്ഷന്‍ അഖിലേഷ് യാദവിന് സഖ്യത്തിനുള്ള പരസ്യ ക്ഷണം നല്‍കി ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ ഐ എം ഐ എം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി.

മൊറാദാബാദില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിച്ച ഒവൈസി, ഉത്തര്‍പ്രദേശില്‍ ബി ജെ പി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്നത് തടയാന്‍ സമാജ്വാദി പാര്‍ട്ടിയുമായി കൈകോര്‍ക്കാനും സഖ്യം രൂപീകരിക്കാനും താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.

എന്നാല്‍, 403 അംഗ നിയമസഭയില്‍ സമാന വോട്ടര്‍ അടിത്തറ ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ ഒവൈസിയുടെ നിര്‍ദേശം സ്വീകരിക്കുന്നതില്‍ സമാജ്വാദി പാര്‍ട്ടി ജാഗ്രത പുലര്‍ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

തന്നെ ബി ജെ പിയുടെ 'ബി-ടീം' എന്ന് വിശേഷിപ്പിക്കുന്ന വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞ ഒവൈസി, വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് എസ് പിയുമായി സഖ്യം ആഗ്രഹിക്കുന്നതെന്നും ബി ജെ പി വീണ്ടും അധികാരത്തിലെത്തരുതെന്നാണ് തന്റെ നിലപാടെന്നും വ്യക്തമാക്കി.

അതേസമയം എ ഐ എം ഐ എമ്മുമായി സഖ്യം രൂപീകരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രാധാന്യമുള്ള ഉത്തര്‍പ്രദേശില്‍ ഒവൈസിയുടെ പാര്‍ട്ടിക്ക് കൂടുതല്‍ രാഷ്ട്രീയ സ്വാധീനം ലഭിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയും എസ് പിക്കുണ്ടെന്നാണ് വിലയിരുത്തല്‍.

മുമ്പും താന്‍ പറഞ്ഞിട്ടുണ്ടെന്നും ഇപ്പോഴും ആവര്‍ത്തിക്കുന്നുവെന്നും പറഞ്ഞ ഒവൈസി ഉത്തര്‍പ്രദേശില്‍ ബി ജെ പി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കരുതെന്നാണ് മജ്‌ലിസിന്റെ ആഗ്രഹമെന്നും വിശദമാക്കി. കൈകോര്‍ക്കാനും സഖ്യം രൂപീകരിക്കാനും താന്‍ തയ്യാറാണെന്നും ഇപ്പോഴാണ് ചര്‍ച്ച ചെയ്യേണ്ട സമയമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് കരഞ്ഞിട്ട് കാര്യമില്ലെന്നും ചൂണ്ടിക്കാട്ടി ഒവൈസി ബി ജെ പി വീണ്ടും അധികാരത്തിലെത്തുന്നത് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.

എ ഐ എം ഐ എമ്മിന്റെ പോരാട്ടം ഒരു മതത്തിനെതിരെയല്ലെന്നും ഒരിക്കലും അങ്ങനെയാകില്ലെന്നും ഒവൈസി പറഞ്ഞു.

തങ്ങളുടെ പോരാട്ടം അന്തസ്സിനുവേണ്ടിയാണെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടമാണിതെന്നും ഇനി നിലത്ത് പായ വിരിച്ച് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സമത്വമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഖിലേഷ് യാദവ് കസേരയില്‍ ഇരിക്കുകയാണെങ്കില്‍ ആ കസേരയ്ക്ക് മുന്നില്‍ താന്‍ നിലത്തിരുന്ന് അവകാശങ്ങളെയും നീതിയെയും കുറിച്ച് സംസാരിക്കുമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

ഒവൈസിയുടെ സഖ്യ നിര്‍ദേശത്തിനെതിരെ ബി ജെ പി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഇത് 'വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കൂട്ടുകെട്ട്' ആണെന്ന് ബി ജെ പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു.

അഖിലേഷ് യാദവും ഒവൈസിയും പ്രീണന രാഷ്ട്രീയത്തില്‍ പരസ്പരം മത്സരിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ 'ആരാണ് വലിയ ഭായ്ജാന്‍' എന്ന മത്സരമൊഴിവാക്കി 'ഭായ്ജാന്‍ സഹകരണം' ആരംഭിക്കാമെന്നാണ് അവര്‍ പറയുന്നതെന്നും അതുകൊണ്ടാണ് ഒവൈസി അഖിലേഷ് ജിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരിക്കുന്നതെന്നും പൂനാവാല പരിഹസിച്ചു. ഒവൈസിയും അഖിലേഷ് യാദവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

2027-ലാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണായക രാഷ്ട്രീയ പോരാട്ടമായാണ് ഈ തെരഞ്ഞെടുപ്പിനെ ദേശീയ രാഷ്ട്രീയത്തില്‍ വിലയിരുത്തുന്നത്.