ബംഗളൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനം ഡി.കെ ശിവകുമാറിന് കൈമാറിയതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ നിന്ന് വിമരിക്കൽ പ്രഖ്യാപിച്ച് മുതിർന്ന നേതാവ് സിദ്ധരാമയ്യ. രാഷ്ട്രീയരംഗം മലീമസമായതിനാല്‍ 2028ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പു വരുമ്പോളേക്കും തനിക്ക് 80 വയസ്സ് പിന്നിടും. ആരോഗ്യം തൃപ്തികരമല്ലാത്തതിനാല്‍ പഴയതുപോലെ പ്രവര്‍ത്തിക്കാനാകില്ല. തന്റെ രാഷ്ട്രീയ ജീവിതത്തിന് 50 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് അടുത്ത തെരഞ്ഞെടുപ്പ് വരുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
'ഇന്നത്തെ രാഷ്ട്രീയരംഗം മലീമസമായതിനാല്‍ 2028ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് എന്റെ തീരുമാനം. എങ്കിലും, രാഷ്ട്രീയത്തില്‍ സജീവമായി തുടര്‍ന്നു കൊണ്ട് ജനങ്ങളുടെ കഷ്ടപ്പാടുകളിലും സന്തോഷങ്ങളിലും അവരുടെ ശബ്ദമായി നിലകൊള്ളും. മണ്ഡലത്തിലെ ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം. മുന്‍കാലങ്ങളില്‍ ഞാന്‍ മത്സരിച്ചപ്പോഴൊക്കെ മണ്ഡലത്തിലെ ജനങ്ങള്‍ തന്നെയാണ് ഞങ്ങള്‍ക്ക് വിജയം ഉറപ്പാക്കിയിരുന്നത്. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറിപ്പോയിരിക്കുന്നു.
ഇപ്പോള്‍ 79 വയസ്സായി. നമ്മുടെ സര്‍ക്കാരിന്റെ കാലാവധി കഴിയാന്‍ ഇനിയും ഒന്നര വര്‍ഷം കൂടിയുണ്ട്. ആരോഗ്യം പഴയതുപോലെ തൃപ്തികരമല്ല. പണ്ടത്തെ ആവേശത്തോടെ ജോലി ചെയ്യാന്‍ ഇനി സാധ്യമല്ല. 2028 ആകുമ്പോഴേക്കും എനിക്ക് 82 വയസ്സ് തികയും. അത് എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളകൂടിയാണ്. 1978ല്‍ താലൂക്ക് ബോര്‍ഡ് അംഗമായാണ് ഞാന്‍ രാഷ്ട്രീയ യാത്ര തുടങ്ങിയത്.
തോല്‍വികളും വിജയങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ വിശ്വസിച്ച തത്വങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയോ സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. പണ്ട് മത്സരിക്കുമ്പോൾ പണമായും മറ്റ് വലിയ സഹായവും കിട്ടിയിരുന്നു. ജയിപ്പിക്കാൻ ഒപ്പം നിന്നു. ഇന്ന് സ്ഥിതി മാറി. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജനങ്ങൾക്ക് അങ്ങോട്ട് പണം കൊടുക്കേണ്ട സ്ഥിതിയാണ്. അഴിമതി കൂടി. സത്യസന്ധരായ രാഷ്ട്രീയക്കാരില്ലാതായി. ഇന്നത്തെ രാഷ്ട്രീയം പൂര്‍ണമായും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. സത്യസന്ധമായ രാഷ്ട്രീയത്തിന് നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയാണ്. ഈ പശ്ചാത്തലത്തിലാണ് ഭാവി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്- മാണ്ഡ്യയിലെ കെആര്‍ പേട്ടില്‍ ശനിയാഴ്ച സംഘടിപ്പിച്ച സ്വകാര്യ ചടങ്ങില്‍ സിദ്ധരാമയ്യ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ്, പകരം ഡികെ ശിവകുമാര്‍ അധികാരമേറ്റത്.
രാഷ്ട്രീയരംഗം മലീമസം, ആരോഗ്യവും തൃപ്തികരമല്ല; തെരഞ്ഞെടുപ്പിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ
