പെല്ലറ്റിന്റെ പേരിൽ വിവാദം കത്തുന്നു; ചോദ്യങ്ങളുമായി രാഹുൽ, ഉപയോ​ഗിക്കേണ്ട പ്രശ്നങ്ങളില്ലായിരുന്നെന്ന് ആർഎഎഫ്

പെല്ലറ്റിന്റെ പേരിൽ വിവാദം കത്തുന്നു; ചോദ്യങ്ങളുമായി രാഹുൽ, ഉപയോ​ഗിക്കേണ്ട പ്രശ്നങ്ങളില്ലായിരുന്നെന്ന് ആർഎഎഫ്


ന്യൂഡൽഹി: ചോദ്യപേപ്പർ വിവാദത്തിൽ ധർമ്മേന്ദ്ര പ്രധാൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചതോടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ പടനീക്കം ശക്തമാക്കി പ്രതിപക്ഷം. കോക്രോച്ച് ജനത പാർട്ടി നടത്തിയ പ്രക്ഷോഭത്തിനിടെ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ​ഗൺ അടക്കമുള്ള മാരകായുധങ്ങൾ ഉപയോ​ഗിച്ചത് ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇക്കാര്യത്തിൽ അമിത് ഷായോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാ​ഹുൽ ​ഗാന്ധി രം​ഗത്തെത്തി. 

അമിത് ഷായ്‌ക്കെഴുതിയ കത്തിലാണ് രാഹുൽ ​ഗാന്ധിയുടെ ചോദ്യങ്ങൾ. പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ആരാണെന്നും യൂണിഫോം ഇല്ലാതെ വിദ്യാര്‍ഥികളെ മര്‍ദിച്ചത് ആരാണെന്നും ഉത്തരവാദിത്തം ആര് ഏല്‍ക്കുമെന്നും കത്തില്‍ ചോദിക്കുന്നു. 1. പെല്ലറ്റ് ഗണ്‍ പോലെയുള്ള മാരകായുധങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഉപയോഗിക്കാന്‍ ആഭ്യന്തര മന്ത്രിയായ താങ്കള്‍ അനുമതി നല്‍കിയിരുന്നോ? ഇല്ലെങ്കില്‍ ആരാണ് അതിന് ഉത്തരവിട്ടത്? 2. വിദ്യാര്‍ഥികളെ ലാത്തിയ്ക്കടിക്കുന്നതായി ദൃശ്യങ്ങളില്‍ കാണുന്ന യൂണിഫോമല്ലാത്ത വസ്ത്രം ധരിച്ചവര്‍ പൊലീസുകാരാണോ അതോ വൊളന്റിയര്‍മാരാണോ? ആരാണ് അവരെ നിയോഗിച്ചത്?- രാഹുല്‍ ഗാന്ധി ചോദിക്കുന്നു.

ജൂലൈ 20ന് ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വ്യക്തമാക്കണം. നമ്മുടെ വിദ്യാര്‍ഥികള്‍ നീതിയുക്തമായ വിദ്യാഭ്യാസ സമ്പ്രദായം ആവശ്യപ്പടുന്നു. അവരെ കേള്‍ക്കുന്നതിന് പകരം സുരക്ഷാ സംഘം മാരകായുധങ്ങളും കണ്ണീര്‍ വാതകവുമായാണ് അന്ന് നേരിട്ടത്. നൂറുകണക്കിന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. വിദ്യാര്‍ഥിനികളെ പൊലീസുകാര്‍ അപമാനിച്ചു. വിദ്യാര്‍ഥിനികളുടെ സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ മര്‍ദിച്ചു.

പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചുള്ള ആക്രമണം അങ്ങേയറ്റം ഞെട്ടലും നടുക്കവും ഉണ്ടാക്കി. വിദ്യാര്‍ഥികള്‍ക്ക് സാരമായി പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകനും അക്കൂട്ടത്തിലുണ്ട്. 19കാരനായ സഹില്‍ ലൊച്ചാബെന്ന യുവാവിനെ ഞാന്‍ നേരില്‍ കണ്ടു. പെല്ലറ്റ് തറച്ച് കയറി കാഴ്ച ഏകദേശം നശിക്കാറായ അവസ്ഥയിലാണ് അവന്‍. സമാധാനപരമായ പ്രതിഷേധം ഏത് ജനാധിപത്യത്തിന്റേയും അടിസ്ഥാന ഘടകമാണ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ സംരക്ഷിക്കേണ്ടതും അവരുടെ പരാതി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇത്തരം ക്രൂരമായ അക്രമങ്ങള്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തുന്നതാണ്. യുവാക്കളും വിദ്യാര്‍ഥികളും രാജ്യത്തിന്റെ ഭാവിയാണ്. അവര്‍ ഉത്തരങ്ങളും ഉത്തരവാദികളെയും തേടുന്നു. അവരുടെ ശബ്ദം കേള്‍ക്കണം- രാഹുലിന്റെ കത്തില്‍ പറയുന്നു.

അതേസമയം, ഇക്കാര്യത്തിൽ അമിത് ഷാ മറുപടി നൽകിയില്ലെങ്കിൽ വിഷയം അടിയന്തര പ്രമേയമായി പാർലമെന്റിൽ അവതരിപ്പിക്കാനും കോൺ​ഗ്രസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കോൺ​ഗ്രിസിനൊപ്പം തന്നെയാണ് തൃണമൂൽ, ഇടത് പാർട്ടികളുടെ നിലപാടും. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും ഉത്തരവാദിത്വം അമിത് ഷാ ഏൽക്കണമെന്നും കഴിഞ്ഞ ദിവസം രാ​ഹുൽ ​ഗാന്ധി ആവശ്യപ്പെട്ടിരുന്നു. 

സിജെപി സമരത്തെ നേരിട്ടതിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ആർഎഎഫ് വിലയിരുത്തൽ. വിദ്യാർഥി പ്രതിഷേധത്തിലേക്ക് പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം സിജെപിയുടെ പാർലമെന്റ് മാർച്ചിലില്ലായിരുന്നുവെന്നാണ് സായുധ സേനയുടെ ആഭ്യന്തര വിലയിരുത്തൽ. സേനാംഗങ്ങൾ സ്വയം സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങളും പാലിച്ചില്ല. മാർച്ചിനെ നിയന്ത്രിക്കാൻ വിന്യസിച്ച ഉദ്യോഗസ്ഥർക്ക് മതിയായ നിർദ്ദേശങ്ങൾ നൽകിയില്ലെന്നും കണ്ടെത്തലുണ്ട്. ഇതേത്തുടർന്ന് ഇനിയൊരു നിർദേശം ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗൺ അടക്കം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.