ചെന്നൈ: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ രണ്ട് അവാര്‍ഡുകള്‍ നേടിയതിനെ ചുറ്റിപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്ക് ആദ്യമായി പ്രതികരിച്ച് നടനും സംവിധായകനുമായ ധനുഷ്. റായന്‍ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ക്യാപ്റ്റന്‍ മില്ലര്‍ ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക പരാമര്‍ശത്തോടെ മികച്ച നടനുള്ള അംഗീകാരവും നേടിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
ജൂലൈ 26-ന് തമിഴ്‌നാട്ടില്‍ നടന്ന രക്തദാന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ധനുഷ് വിവാദത്തോട് പ്രതികരിച്ചത്.
തനിക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചെങ്കിലും ആ വര്‍ഷം അതിലും മികച്ച സിനിമകള്‍ തീര്‍ച്ചയായും ഉണ്ടായിരുന്നുവെന്നും ആ സിനിമകളുടെ ആരാധകര്‍ അവരുടെ സ്‌നേഹം പ്രകടിപ്പിച്ചതിനെ താന്‍ പൂര്‍ണമായും ബഹുമാനിക്കുന്നുവെന്നും ധനുഷ് പറഞ്ഞു.
താന്‍ അഭിനയിച്ച ചില മികച്ച ചിത്രങ്ങള്‍ക്കും ദേശീയ പുരസ്‌കാരം ലഭിക്കാതിരുന്ന സാഹചര്യങ്ങള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.
അതു ഒരു കനാ കാലം പുറത്തിറങ്ങിയപ്പോള്‍ ആ ചിത്രത്തിന് തനിക്ക് തീര്‍ച്ചയായും പുരസ്‌കാരം ലഭിക്കുമെന്ന് എല്ലാവരും പറയുകയും താനന്ന് ചെറുപ്പമായിരുന്നതിനാല്‍ തനിക്കും പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും കിട്ടിയില്ലെന്നും പിന്നീട് പുതുപ്പേട്ടൈക്കും അതേ അവസ്ഥയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നേട്ടത്തെ നിഷേധിക്കാതെ ആഘോഷിക്കണമെന്ന് വിമര്‍ശകരോടും ആരാധകരോടും ധനുഷ് അഭ്യര്‍ഥിച്ചു.
'ചില കാര്യങ്ങള്‍ എത്ര ശ്രമിച്ചാലും നമ്മുടെ കൈകളിലല്ല. അത് സ്വാഭാവികമായി സംഭവിക്കും. എനിക്ക് ആ അവസരം ലഭിച്ചു. സിനിമ എങ്ങനെയായിരുന്നുവെന്നത് വേറെ കാര്യം. അതിനുവേണ്ടി ഞാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചിരുന്നു. ഒരു തമിഴനെന്ന നിലയില്‍ എനിക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ കൂടി ലഭിച്ചു. അത് തള്ളിക്കളയാതെ ആഘോഷിക്കൂ,' അദ്ദേഹം പറഞ്ഞു.
സംഭാഷണത്തിനിടെ നടന്‍ അജിത്ത് കുമാറിന്റെ പ്രശസ്തമായ ഡയലോഗും ധനുഷ് ആവര്‍ത്തിച്ചു.
'നമ്മുടെ തല അജിത്ത് സാര്‍ പറഞ്ഞതുപോലെ, നമ്മള്‍ തോറ്റുവെന്ന് സ്വയം സമ്മതിക്കുന്നതുവരെ ആര്‍ക്കും നമ്മളെ തോല്‍പ്പിക്കാനാവില്ല. പിന്നെ എന്താ ബേബി... ഈഫ് യു ആര്‍ ബാഡ്, ഐ ആം യുവര്‍ ഡാഡ്' എന്ന് ധനുഷ് പറഞ്ഞു.
2026 ജൂലൈയില്‍ പ്രഖ്യാപിച്ച 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ റായന്‍ മികച്ച തമിഴ് ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിന് പ്രത്യേക പരാമര്‍ശത്തോടെ മികച്ച നടനുള്ള ദേശീയ അംഗീകാരവും ലഭിച്ചു.
എന്നാല്‍ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും സിനിമാ നിരൂപകര്‍ക്കിടയിലും അഭിപ്രായഭിന്നത ഉയര്‍ന്നു. റായന്‍ എന്ന ചിത്രത്തേക്കാള്‍ മെയ്യഴകന്‍ അല്ലെങ്കില്‍ മഹാരാജ പോലുള്ള തമിഴ് ചിത്രങ്ങള്‍ മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌കാരത്തിന് കൂടുതല്‍ അര്‍ഹമായിരുന്നുവെന്നാണ് നിരവധി പേരുടെ അഭിപ്രായം. ഇതോടെയാണ് ദേശീയ പുരസ്‌കാര നിര്‍ണയത്തെ ചുറ്റിപ്പറ്റി ചര്‍ച്ചകളും വിവാദങ്ങളും ശക്തമായത്.
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളില്‍ ധനുഷിന് പുറമെ ഇതിഹാസ താരമായ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം കാര്‍ത്തിക് ആര്യനുമായി പങ്കിട്ടു. യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. നടനും സംവിധായകനുമായ ആര്‍ മാധവനും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളുടെ പട്ടികയില്‍ ഇടം നേടി.
