ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സര്‍ക്കാര്‍ ഒരിക്കലും പ്രതിഷേധം തടഞ്ഞിട്ടില്ലെന്നും സമരത്തിന് അനുമതി നല്‍കിയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
യുവതലമുറ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത് സ്വാഭാവികമാണെന്നും തങ്ങള്‍ കാണുന്ന പ്രശ്‌നങ്ങള്‍ക്ക് ശരിയായ പരിഹാരവും തിരുത്തല്‍ നടപടികളും ആവശ്യപ്പെട്ടാണ് യുവാക്കള്‍ പലപ്പോഴും സമരരംഗത്തേക്ക് എത്തുന്നതെന്നും ധനമന്ത്രി പറഞ്ഞു.
എന്‍ ഡി ടി വി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍.
'കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ നടന്ന കാര്യങ്ങളെ ഞാന്‍ ചെറുതാക്കി കാണുന്നില്ല. വിദ്യാര്‍ഥികളുടെ ഊര്‍ജത്തെയും ഞാന്‍ അവഗണിക്കുന്നില്ല. എല്ലാ തലമുറകളിലെയും യുവാക്കള്‍ അവരുടെ യൗവനകാലത്ത് പ്രതിഷേധങ്ങളില്‍ പങ്കെടുക്കാറുണ്ട്. തങ്ങള്‍ ശരിയല്ലെന്ന് കരുതുന്ന കാര്യങ്ങളില്‍ അവര്‍ പ്രതികരിക്കുകയും മാറ്റം ആവശ്യപ്പെടുകയും ചെയ്യുന്നു,' അവര്‍ പറഞ്ഞു.
'പ്രതിഷേധത്തെ ബഹുമാനിക്കുക. പ്രതിഷേധിക്കാന്‍ ഞങ്ങള്‍ അവരെ തടഞ്ഞിട്ടില്ല. അതിന് അനുമതി നല്‍കിയിരുന്നു. ഒരു ഘട്ടത്തിലും പ്രതിഷേധം തടയാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല.' നിര്‍മല സീതാരാമന്‍ പറഞ്ഞു.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും മുന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രവര്‍ത്തനങ്ങളെയും അവര്‍ പരാമര്‍ശിച്ചു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ജനറേഷന്‍ ഇസഡിന്റെ പ്രതീക്ഷകളെക്കുറിച്ചും ധനമന്ത്രി സംസാരിച്ചു.
'അവര്‍ക്ക് വേണ്ടത് നല്ലതും പ്രതികരണശേഷിയുള്ളതുമായ ശരിയായ നടപടികളാണ്. അത് സമയബന്ധിതമായി ലഭിക്കണം. വ്യത്യാസമുണ്ടാക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നതിനാലാണ് പ്രതിഷേധിക്കുന്നത്. യുവത്വത്തിന്റെ സ്വഭാവമാണത്. അതില്‍ എനിക്ക് യാതൊരു സംശയവുമില്ല,' അവര്‍ പറഞ്ഞു.
ഓരോ തലമുറയുടെയും യുവകാലത്ത് ഇത്തരം സമീപനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എല്ലാ രാജ്യങ്ങളിലും ഇത് കാണാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'യുവാക്കള്‍ എന്താണ് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധയോടെ കേള്‍ക്കണം,' നിര്‍മല സീതാരാമന്‍ പറഞ്ഞു.
യുവാക്കളുമായി ആശയവിനിമയം കൂടുതല്‍ ലളിതമാക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
യുവാക്കള്‍ക്ക് എളുപ്പം മനസ്സിലാകുന്ന ഭാഷയില്‍, കുറച്ച് ഔദ്യോഗികവും സങ്കീര്‍ണവുമായ രീതിയിലല്ലാതെ കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ പ്രസ്താവനകള്‍ക്ക് ചില നിയമപരമായ നിയന്ത്രണങ്ങളുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോടതികളില്‍ വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അവ്യക്തമായതോ അമിതമായി അനൗപചാരികമായതോ ആയ ഭാഷ ഉപയോഗിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും നിയമപരമായി നിലനില്‍ക്കുന്ന രീതിയിലാണ് ഔദ്യോഗിക ആശയവിനിമയം നടത്തേണ്ടതെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
