ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് ലണ്ടനില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലണ്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ് എഫ് ഐ യു കെ) ബ്രിട്ടന്‍ ഘടകം സംഘടിപ്പിച്ച പ്രതിഷേധം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നിലാണ് നടന്നത്. കേന്ദ്ര വിദ്യാഭ്യാസ മുന്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി മാത്രം പോരെന്നും കൂടുതല്‍ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
ചില പ്ലക്കാര്‍ഡുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ ജന്തര്‍ മന്തര്‍ പ്രതിഷേധം അവസാനിക്കുകയും ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുകയും ചെയ്തതിന് ശേഷമാണ് ലണ്ടനിലെ ഈ പ്രതിഷേധവും ഗ്രെറ്റ തുന്‍ബെര്‍ഗിന്റെ പങ്കാളിത്തവും നടന്നത്.
എസ് എഫ് ഐ ദേശീയ പ്രസിഡന്റ് വി പി സാനു പരിപാടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
'പ്രശസ്ത സാമൂഹിക- പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് എസ് എഫ് ഐ- യു കെ സംഘടിപ്പിച്ച ലണ്ടന്‍ പ്രതിഷേധത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തി. ജനങ്ങളുടെ ശക്തിയില്‍ ആഗോള പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ വിദ്യാര്‍ഥി പ്രക്ഷോഭം. നിങ്ങളുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി,' സാനു കുറിച്ചു.
പ്രതിഷേധത്തില്‍ സംസാരിച്ച ഗ്രെറ്റ തുന്‍ബെര്‍ഗ്, ഇന്ത്യയിലെ വിദ്യാര്‍ഥി പ്രക്ഷോഭം 'ജനാധിപത്യത്തിനും വിമോചനത്തിനുമായുള്ള വിശാലമായ പോരാട്ടത്തിന്റെ ഭാഗമാണെന്ന്' പറഞ്ഞു.
'ഇന്ത്യന്‍ വിദ്യാര്‍ഥി പ്രതിഷേധം നമ്മളെയെല്ലാം അഭിമാനിപ്പിക്കുകയും പ്രതീക്ഷ നല്‍കുകയും ചെയ്യുന്നു. ആളുകള്‍ ഒരുമിച്ച് ചേരുകയും പ്രതിരോധിക്കുകയും ചെയ്യുമ്പോള്‍ എന്തെല്ലാം നേടാനാകുമെന്ന് ഇത് കാണിക്കുന്നു. ജനങ്ങളുടെ ശക്തിയുടെ യഥാര്‍ഥ അര്‍ഥമാണ് ഈ പ്രതിഷേധങ്ങള്‍ വ്യക്തമാക്കുന്നത്,' ഗ്രെറ്റ പറഞ്ഞു.
'നീതിക്കായുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പോരാട്ടവും ജനാധിപത്യത്തിനും വിമോചനത്തിനുമായുള്ള വിശാലമായ പോരാട്ടവും ഞങ്ങളുടേത് കൂടിയാണ്. അതിനാല്‍ ഇന്ത്യയോടുള്ള ഐക്യദാര്‍ഢ്യവുമായി എല്ലാവരും ഒന്നിച്ചുചേരുകയും മുന്നോട്ട് വരികയും വേണം,' അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ എസ് എഫ് ഐ- യു കെ ഇന്ത്യന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പോരാട്ടത്തെ അഭിനന്ദിച്ചു.
വിദ്യാഭ്യാസമന്ത്രിയുടെ രാജിയിലേക്ക് നയിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ വിജയം അഭിമാനകരമാണെന്നും ധീരവും പ്രചോദനകരവുമായ പോരാട്ടമാണിതെന്നും സംഘടന വ്യക്തമാക്കി.
'എന്നാല്‍ പോരാട്ടം ഇതോടെ അവസാനിച്ചിട്ടില്ല. നീറ്റ് പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം ജീവന്‍ നഷ്ടപ്പെട്ട 21 വിദ്യാര്‍ഥികള്‍ക്കായുള്ള വേദന തുടരുകയാണ്. പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന കടുത്ത പൊലീസ് നടപടികളെയും ഞങ്ങള്‍ അപലപിക്കുന്നു,' എസ് എഫ് ഐ- യു കെ പ്രസ്താവനയില്‍ പറഞ്ഞു.
