ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന 'ഡല്‍ഹി പൊലീസ് അനുമതിയില്ലാതെ ദേശീയ തലസ്ഥാനം വിട്ടുപോകരുത്' എന്ന നോട്ടീസ് പൂര്‍ണമായും വ്യാജമാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. പ്രചരിക്കുന്ന അവകാശവാദങ്ങള്‍ 'തെറ്റായതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്' എന്ന് പൊലീസ് ഞായറാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വിവരങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും പൊതുജനങ്ങളോട് പൊലീസ് അഭ്യര്‍ഥിച്ചു.
മുഖം തിരിച്ചറിയല്‍ സംവിധാനം ഉപയോഗിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ഡല്‍ഹി പൊലീസ് ഉപദ്രവിക്കുകയാണെന്ന ആരോപണവും പൊലീസ് തള്ളി.
ആരുടെയും സഞ്ചാരസ്വാതന്ത്ര്യമോ വ്യക്തിസ്വാതന്ത്ര്യമോ നിയമവിരുദ്ധമായി നിയന്ത്രിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന നോട്ടീസിന് യാതൊരു ആധികാരികതയുമില്ലെന്നും പൊലീസ് വ്യക്തമാക്കി.
വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് ഡി സി പി സുമിത് ഝ രാജിവെച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ പൂര്‍ണമായും വ്യാജവും നിര്‍മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതുമാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
ഡല്‍ഹി പൊലീസിന്റെ ഔദ്യോഗിക നോട്ടീസിന്റെ മാതൃകയില്‍ തയ്യാറാക്കിയ വ്യാജ സന്ദേശത്തിലാണ് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ സി സി ടി വി ദൃശ്യങ്ങളും മുഖം തിരിച്ചറിയല്‍ സംവിധാനവും ഉപയോഗിച്ച് തിരിച്ചറിഞ്ഞതായി അവകാശപ്പെട്ടത്.
48 മണിക്കൂറിനകം രേഖാമൂലമുള്ള വിശദീകരണം സമര്‍പ്പിക്കണമെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശം വിട്ടുപോകരുതെന്നും നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ, അവരുടെ മൊബൈല്‍ ഫോണുകളും മറ്റ് ഉപകരണങ്ങളും 24 മണിക്കൂറും ലൊക്കേഷന്‍ നിരീക്ഷണത്തിലാണെന്നും സന്ദേശത്തില്‍ അവകാശപ്പെട്ടിരുന്നു.
ജൂലൈ 20-ന് നടന്ന 'സംസദ് ചലോ' മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങള്‍ക്ക് ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍, ജൂലൈ 23-ന് ഡല്‍ഹി പൊലീസ് ഏകദേശം 480 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് തടഞ്ഞതായി അറിയിച്ചിരുന്നു.
പാകിസ്താനില്‍ നിന്നാണ് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിച്ചതെന്നും വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുകയാണ് ഇവയുടെ ലക്ഷ്യമെന്നും സെന്‍ട്രല്‍ ഡി സി പി രോഹിത് രാജ്ബീര്‍ സിങ് പറഞ്ഞു.
