ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ ശക്തമായ സൈനിക നടപടി; മുന്നറിയിപ്പുമായി ട്രംപ്

ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ ശക്തമായ സൈനിക നടപടി; മുന്നറിയിപ്പുമായി ട്രംപ്


വാഷിങ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ വീണ്ടും ശക്തമായ സൈനിക നടപടിയിലേക്ക് മടങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിൽ ഇറാനുമായി വളരെ ഗൗരവമായ ചർച്ചകളാണ് നടക്കുന്നതെന്നും, എന്നാൽ അത് വിജയിച്ചില്ലെങ്കിൽ സൈനിക നടപടിക്ക് മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്‌സിയോസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ചർച്ചകൾക്ക് എത്ര സമയം കൂടി അനുവദിക്കുമെന്ന ചോദ്യത്തിന്, 'കൂടുതൽ സമയം നൽകില്ല. കാര്യങ്ങൾ വേഗത്തിൽ മുന്നോട്ടുപോകണം, അല്ലെങ്കിൽ ചർച്ചകൾക്ക് അർഥമില്ല,' എന്നായിരുന്നു മറുപടി.

മധ്യസ്ഥ രാജ്യങ്ങളുടെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും അഭ്യർഥനയെ തുടർന്നാണ് ഇറാനെതിരായ സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവച്ചതെന്ന് ട്രംപ് പറഞ്ഞു. ചർച്ചകൾക്ക് ഒരു അവസരം കൂടി നൽകുന്നതിലൂടെ അമേരിക്കയ്ക്ക് നഷ്ടമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണം നിർത്തിവച്ചതിന് ശേഷം എണ്ണവില കുറഞ്ഞതും ഓഹരി വിപണി തിരിച്ചുകയറിയതും ചൂണ്ടിക്കാട്ടിയാണ് തന്റെ തീരുമാനം ട്രംപ് ന്യായീകരിച്ചത്. ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലെയും ഹോർമുസ് കടലിടുക്കിലെയും ലക്ഷ്യങ്ങൾക്കെതിരായ ആക്രമണമാണ് രണ്ടാഴ്ച മുമ്പ് അമേരിക്ക താൽക്കാലികമായി നിർത്തിവച്ചത്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചൊവ്വാഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ട്രംപിന്റെ പ്രസ്താവന. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള സമഗ്ര കരാറിലേക്കുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുമാണ് നിലവിലെ ചർച്ചകൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.

ഒമാനും ഇറാനും പ്രധാന മധ്യസ്ഥരായ ചർച്ചകളിൽ ഖത്തർ, പാകിസ്ഥാൻ, ഈജിപ്ത് എന്നിവയ്‌ക്കൊപ്പം ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരഡ് കുഷ്‌നറും സജീവമായി പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.