ടൊറന്റോ യു എസ് കോണ്‍സുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്; വെടിയുണ്ടയുടെ ഷെല്‍ കണ്ടെത്തി അന്വേഷണം ഊര്‍ജ്ജിതം

ടൊറന്റോ യു എസ് കോണ്‍സുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്; വെടിയുണ്ടയുടെ ഷെല്‍ കണ്ടെത്തി അന്വേഷണം ഊര്‍ജ്ജിതം


ടൊറന്റോ: യു എസ് കോണ്‍സുലേറ്റ് ജനറലിന്റെ പരിസരത്ത് വെടിവെപ്പ് നടന്നതായി ടൊറന്റോ പൊലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടയുടെ ഷെല്‍ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.

വെടിയൊച്ച കേട്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രദേശം സുരക്ഷാ വലയത്തിലാക്കി പരിശോധന നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. വെടിവെപ്പിന് പിന്നാലെ യൂണിവേഴ്‌സിറ്റി അവന്യൂവിന്റെ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.

സംഭവസ്ഥലത്ത് നിന്ന് ഒരു വെളുത്ത സെഡാന്‍ കാര്‍ അതിവേഗം രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പൊലീസിനെ അറിയിച്ചു. പ്രതികളെയും ആക്രമണത്തിന്റെ ഉദ്ദേശ്യത്തെയും കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ടൊറന്റോ പൊലീസ് വ്യക്തമാക്കി. സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചുവരികയാണ്.

ഇതേ യു എസ് കോണ്‍സുലേറ്റിന് നേരെ ഈ വര്‍ഷം മാര്‍ച്ചിലും സമാനമായ വെടിവെപ്പ് നടന്നിരുന്നു. അതിനാല്‍ പുതിയ സംഭവവും സുരക്ഷാ ഏജന്‍സികള്‍ അതീവ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. നിലവില്‍ കോണ്‍സുലേറ്റിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.