വാഷിംഗ്ടണ്‍: അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തില്‍ റഷ്യ ഇറാന് നല്‍കിയതായി പറയപ്പെടുന്ന പിന്തുണ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനോട് ഇക്കാര്യം നേരിട്ട് ചോദിച്ച് സത്യാവസ്ഥ മനസ്സിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി, അമേരിക്കന്‍ സൈനിക താവളങ്ങളും ഗള്‍ഫ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടാന്‍ സഹായിക്കുന്നതിനായി റഷ്യ ഇറാന് ഉപഗ്രഹ രഹസ്യവിവരങ്ങള്‍ നല്‍കിയെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയുടെ സഹായമുണ്ടായിരുന്നെങ്കിലും യുദ്ധത്തിന്റെ ഗതി മാറ്റാന്‍ അതിന് കഴിഞ്ഞില്ലെന്നും അമേരിക്കയുടെ സൈനിക നടപടികള്‍ ഇറാനെ ഗുരുതരമായി ദുര്‍ബലമാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു.
റഷ്യ പിന്തുണ നല്‍കിയിട്ടുണ്ടാകാമെങ്കിലും അതുകൊണ്ട് ഒരു ഫലവും ഉണ്ടായില്ലെന്നും ഇറാന് ഇപ്പോള്‍ സൈന്യമില്ല, വ്യോമസേനയില്ല, നാവികസേനയില്ല; ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ സൈനിക ഉപകരണങ്ങളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതിനായി വെനസ്വേലയെയും ട്രംപ് ഉദാഹരണമായി ചൂണ്ടിക്കാട്ടി.
റഷ്യ വെനസ്വേലയ്ക്ക് ധാരാളം സൈനിക ഉപകരണങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും അതിന്റെ ഫലം എന്തായിരുന്നുവെന്നും അത്ര നല്ലതായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.
സെലെന്‍സ്‌കിയുടെ ആരോപണങ്ങളില്‍ സംശയം പ്രകടിപ്പിച്ച ട്രംപ് റഷ്യ സഹായം നല്‍കിയിരുന്നാലും അതിന് കാര്യമായ പ്രഭാവമുണ്ടായില്ലെന്നും ആവര്‍ത്തിച്ചു.
റഷ്യ അങ്ങനെ ചെയ്തിട്ടുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ഉയര്‍ന്ന തലത്തിലെങ്കിലും ഉണ്ടായിട്ടില്ലെന്നും ചെയ്തിട്ടുണ്ടെങ്കില്‍ പോലും അതിന് വലിയ സ്വാധീനമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയും ഗള്‍ഫ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങള്‍ക്ക് മുമ്പ് റഷ്യ ഉപഗ്രഹ നിരീക്ഷണം നടത്തി ശേഖരിച്ച വിവരങ്ങള്‍ ഇറാന് കൈമാറിയെന്നാണ് സെലെന്‍സ്‌കിയുടെ ആരോപണം.
എക്സില്‍ പങ്കുവെച്ച സന്ദേശത്തില്‍, ഈ വിവരങ്ങള്‍ യുക്രെയ്ന്‍ അന്താരാഷ്ട്ര പങ്കാളികളുമായി പങ്കുവെക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇറാന്‍ ഭരണകൂടത്തിന് റഷ്യ നല്‍കുന്ന പുതിയ സഹായവുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ പങ്കാളി രാജ്യങ്ങളുമായി പങ്കുവെക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് സെലെന്‍സ്‌കി കുറിച്ചു.
ജൂലൈ ആദ്യം മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലെയും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലെയും റഷ്യന്‍ ഉപഗ്രഹ നിരീക്ഷണം യുക്രെയ്ന്‍ നിരീക്ഷിച്ചിരുന്നുവെന്നും പിന്നീട് ആ ചിത്രങ്ങള്‍ ഇറാന്റെ കൈകളിലെത്തിയെന്നും സെലെന്‍സ്‌കി ആരോപിച്ചു. ഈ ഉപഗ്രഹ ചിത്രങ്ങളും പിന്നീട് നടന്ന ഇറാന്‍ ആക്രമണങ്ങളും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ജൂലൈ 19, 20 തിയ്യതികളില്‍ ബഹ്‌റൈനിലെ രണ്ട് വ്യോമതാവളങ്ങളും ജോര്‍ദാനിലെയും കുവൈത്തിലെയും ഓരോ വ്യോമതാവളങ്ങളും ഉള്‍പ്പെടെ നാല് പ്രാദേശിക സൈനിക കേന്ദ്രങ്ങളിലേക്കാണ് റഷ്യന്‍ ഉപഗ്രഹങ്ങള്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും തുടര്‍ന്ന് ഈ രഹസ്യവിവരങ്ങള്‍ തെഹ്‌റാനിലേക്ക് കൈമാറിയെന്നും സെലെന്‍സ്‌കി ആരോപിച്ചു.
