ആയുധക്ഷാമമില്ലെന്ന് ട്രംപ്; ഇറാൻ സംഘർഷത്തിനിടെ അമേരിക്കയുടെ മിസൈൽ ശേഖരത്തെക്കുറിച്ച് ആശങ്ക തുടരുന്നു

ആയുധക്ഷാമമില്ലെന്ന് ട്രംപ്; ഇറാൻ സംഘർഷത്തിനിടെ അമേരിക്കയുടെ മിസൈൽ ശേഖരത്തെക്കുറിച്ച് ആശങ്ക തുടരുന്നു


വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിനിടെ അമേരിക്കയുടെ പ്രതിരോധ മിസൈൽ ശേഖരം ഗണ്യമായി കുറഞ്ഞെന്ന റിപ്പോർട്ടുകൾ തള്ളി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആയുധശേഖരം അമേരിക്കയ്ക്കുണ്ടെന്നും ആവശ്യത്തിലധികം മിസൈലുകൾ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാൾ സ്ട്രീറ്റ് ജേണലിനോട് സംസാരിക്കവെയാണ് ട്രംപ് പ്രതികരിച്ചത്. അമേരിക്കയുടെ സൈനിക ശേഖരത്തിന് സമ്മർദമുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.

എന്നാൽ, ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, ഇറാനെതിരായ സൈനിക നടപടി കൂടുതൽ വ്യാപിപ്പിച്ചാൽ പാട്രിയറ്റ് മിസൈൽ ഉൾപ്പെടെയുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഖരത്തിൽ വലിയ സമ്മർദമുണ്ടാകുമെന്ന് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വൈറ്റ് ഹൗസിനെ അറിയിച്ചിരുന്നു.

ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിൽ ഇറാന്റെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും നടത്തിയ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ ആശങ്ക ശക്തമായത്. പ്രതിരോധ മിസൈലുകളുടെ ശേഖരം കുറഞ്ഞാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികരും സഖ്യരാജ്യങ്ങളും കൂടുതൽ അപകടസാധ്യത നേരിടേണ്ടിവരുമെന്നാണ് സൈനിക നേതൃത്വത്തിന്റെ വിലയിരുത്തൽ.

അതേസമയം, ആക്‌സിയോസ് റിപ്പോർട്ട് പ്രകാരം, ഹോർമുസ് കടലിടുക്കിന് സമീപത്തെ വ്യോമാക്രമണങ്ങൾ ഫലപ്രാപ്തിയുടെ പരിധിയിലെത്തിയതിനാൽ അവസാനിപ്പിക്കണമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് മേധാവി ജനറൽ ബ്രാഡ് കൂപ്പർ ശുപാർശ ചെയ്തിരുന്നു. എന്നാൽ നിലവിലെ സൈനിക നീക്കങ്ങൾ തുടരാൻ ആവശ്യമായ ആയുധശേഖരം ഇപ്പോഴും മതിയെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു വിലയിരുത്തലെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

പാട്രിയറ്റ്, താഡ് (THAAD) മിസൈലുകൾ എത്ര ഉപയോഗിച്ചെന്ന കണക്ക് ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.

സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ വിദഗ്ധരുടെ കണക്കുപ്രകാരം, ഇറാൻ സംഘർഷം ആരംഭിച്ചതിനുശേഷം അമേരിക്ക കുറഞ്ഞത് 1,500 പാട്രിയറ്റ് മിസൈൽ ഇന്റർസെപ്റ്ററുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തിന്റെ ശേഖരത്തിൽ ഇനി 1,000ൽ താഴെ ഇന്റർസെ്ര്രപറുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നാണ് വിലയിരുത്തൽ.