ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ പുറത്തിറങ്ങാത്ത ചിത്രം 'ജന നായകൻ' നിർമിച്ച കെ. വെങ്കട നാരായണനെ തമിഴ്‌നാട് സർക്കാരിന്റെ ഡൽഹി പ്രത്യേക പ്രതിനിധിയായി നിയമിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം. നിയമനത്തിനെതിരെ പ്രതിപക്ഷമായ എഐഎഡിഎംകെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
ഒരു വർഷത്തേക്കാണ് ഡൽഹിയിലെ തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധി എന്ന താൽക്കാലിക തസ്തിക സൃഷ്ടിച്ച് വെങ്കട നാരായണനെ നിയമിച്ചിരിക്കുന്നത്. ചുമതലകളും സേവന വ്യവസ്ഥകളും പിന്നീട് പ്രത്യേകം ഉത്തരവിറക്കി അറിയിക്കുമെന്ന് ചീഫ് സെക്രട്ടറി എം. സായി കുമാർ പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നു.
വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ 'ജന നായകൻ' 2026 ജനുവരിയിൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തുടർന്ന് ഉണ്ടായ നിയമപോരാട്ടവും കാരണം റിലീസ് നീണ്ടു. ഇതിനിടെ ഏകദേശം 500 കോടി രൂപ ചെലവിൽ നിർമ്മിച്ച ചിത്രം പൂർണരൂപത്തിൽ ഓൺലൈനിൽ ചോർന്നതിനെ തുടർന്ന് പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ചിത്രം നിർമ്മിച്ചത് വെങ്കട നാരായണന്റെ കെവിഎൻ പ്രൊഡക്ഷൻസാണ്.
നിയമനത്തെ ചോദ്യം ചെയ്ത എഐഎഡിഎംകെ, 'തമിഴ്‌നാടുമായി നേരിട്ട് ബന്ധമില്ലാത്ത കർണാടക സ്വദേശിയായ ഒരു സിനിമാ നിർമാതാവിനെ ഡൽഹിയിലെ തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയാക്കാൻ എന്താണ് യോഗ്യത? വിജയ്-യുടെ ചിത്രം നിർമ്മിച്ചതാണോ ഏക മാനദണ്ഡം?' എന്ന് വിമർശിച്ചു.
മേഖേദാട്ടു അണക്കെട്ട് വിഷയത്തിൽ തമിഴ്‌നാടും കർണാടകയും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കർണാടക സ്വദേശിക്ക് ഈ പദവി നൽകിയതെന്നും എഐഎഡിഎംകെ ആരോപിച്ചു.
മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സ്വന്തം ജ്യോത്സ്യനെ സർക്കാർ പദവിയിൽ നിയമിച്ചതും പിന്നീട് വിവാദത്തെ തുടർന്ന് പിൻവലിക്കേണ്ടി വന്നതും വിജയ് സർക്കാരിന് തിരിച്ചടിയായിരുന്നു. പുതിയ നിയമനവും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
'ജന നായകൻ' സിനിമയുടെ നിർമാതാവിന് സർക്കാർ പദവി; തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ വിവാദം
