ബിഗ് ടെക് കമ്പനികൾക്ക് നികുതി ചുമത്തിയാൽ 100% തീരുവ; യൂറോപ്യൻ രാജ്യങ്ങൾക്ക് ട്രംപിന്റെ മുന്നറിയിപ്പ്

ബിഗ് ടെക് കമ്പനികൾക്ക് നികുതി ചുമത്തിയാൽ 100% തീരുവ; യൂറോപ്യൻ രാജ്യങ്ങൾക്ക് ട്രംപിന്റെ മുന്നറിയിപ്പ്


വാഷിങ്ടൺ: അമേരിക്കൻ സാങ്കേതിക കമ്പനികൾക്ക് ഡിജിറ്റൽ സേവന നികുതി ചുമത്തുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അത്തരം രാജ്യങ്ങളുമായുള്ള നിലവിലെ വ്യാപാര കരാറുകളും റദ്ദാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച സന്ദേശത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കൻ ടെക് കമ്പനികൾക്ക് നികുതി ചുമത്തുന്ന ഏത് രാജ്യത്തിന്റെയും അമേരിക്കയിലേക്കുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഉടൻ 100 ശതമാനം തീരുവ ബാധകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു തീരുവ നിലവിലുള്ളതോ ഒപ്പുവെച്ചതോ ആയ വ്യാപാര കരാറുകൾക്കുമപ്പുറമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ അടുത്തിടെ വ്യാപാര കരാറിലെത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി. യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം വരെ മാത്രമാണ് നിലവിലെ കരാർ പ്രകാരം തീരുവ നിശ്ചയിച്ചിട്ടുള്ളത്.

വൻ സാങ്കേതിക കമ്പനികളുടെ പ്രാദേശിക വരുമാനത്തിന് നികുതി ചുമത്തുന്ന സംവിധാനമാണ് യൂറോപ്യൻ രാജ്യങ്ങൾ നടപ്പാക്കുന്ന ഡിജിറ്റൽ സേവന നികുതി. ഫ്രാൻസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇതിനകം ഇത് നടപ്പാക്കിയിട്ടുണ്ട്. 2019 മുതൽ ഫേസ്ബുക്ക്, ആമസോൺ, ആപ്പിൾ, ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് തുടങ്ങിയ കമ്പനികളുടെ ഫ്രാൻസിലെ വരുമാനത്തിന് മൂന്ന് ശതമാനം നികുതി ഈടാക്കുന്നുണ്ട്.

അതേസമയം, ട്രംപിന്റെ പുതിയ ഭീഷണിക്കെതിരെ യൂറോപ്യൻ യൂണിയൻ ശക്തമായി പ്രതികരിച്ചു. ഈ നീക്കവുമായി അമേരിക്ക മന്നോട്ടുപോയാൽ യൂറോപ്യൻ യൂണിയൻ തങ്ങളുടെ അവകാശങ്ങളും നിയമനിർമാണ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ വേഗത്തിലും ശക്തമായും തിരിച്ചടിക്കുമെന്ന് യൂറോപ്യൻ കമ്മിഷൻ വക്താവ് അറിയിച്ചു.