ലോസ് ആഞ്ചലസ് കാട്ടുതീ കേസ്: ജൂറി തീരുമാനത്തിലെത്തിയില്ല; വിചാരണ റദ്ദാക്കി, വീണ്ടും കേസ് നടത്തും

ലോസ് ആഞ്ചലസ് കാട്ടുതീ കേസ്: ജൂറി തീരുമാനത്തിലെത്തിയില്ല; വിചാരണ റദ്ദാക്കി, വീണ്ടും കേസ് നടത്തും


ലോസ് ആഞ്ചലസ്: കഴിഞ്ഞ വർഷം ലോസ് ആഞ്ചലസിലെ പസഫിക് പാലിസേഡ്‌സ് മേഖലയെ തകർത്ത കാട്ടുതീക്ക് തുടക്കമിട്ടെന്ന കേസിൽ പ്രതിയായ ജോനാഥൻ റിൻഡർക്‌നെക്ടിനെതിരായ ഫെഡറൽ വിചാരണയിൽ ജൂറി ഏകകണ്ഠ തീരുമാനത്തിലെത്താനാകാതെ വന്നതിനെ തുടർന്ന് കോടതി വിചാരണ റദ്ദാക്കി (മിസ്ട്രയൽ).

2025 ജനുവരി ഒന്നിന് ഇയാൾ മനഃപൂർവം തീപിടിത്തമുണ്ടാക്കിയതാണെന്നും പിന്നീട് അത് വൻ കാട്ടുതീയായി മാറി 12 പേരുടെ മരണത്തിനും ആയിരക്കണക്കിന് കെട്ടിടങ്ങൾ നശിക്കുന്നതിനും കാരണമായെന്നുമാണ് പ്രോസിക്യൂഷന്റെ ആരോപണം. തീ ഉപയോഗിച്ച് സ്വത്ത് നശിപ്പിക്കൽ, തീവയ്പ്, വനത്തിന് തീ കൊളുത്തൽ തുടങ്ങിയ മൂന്ന് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ 45 വർഷം വരെ തടവ് ലഭിക്കാം. എന്നാൽ റിൻഡർക്‌നെക്ട് കുറ്റം നിഷേധിച്ചു.

രണ്ടുദിവസത്തെ ചർച്ചയ്‌ക്കൊടുവിലും ജൂറി തീരുമാനത്തിലെത്തിയില്ല. ഒടുവിൽ 12 അംഗ ജൂറിയിൽ 10 പേർ കുറ്റക്കാരനല്ലെന്നും രണ്ട് പേർ കുറ്റക്കാരനാണെന്നും നിലപാടെടുത്തതോടെയാണ് ജഡ്ജി ആൻ ഹ്വാങ് വിചാരണ റദ്ദാക്കിയത്.

കേസ് വീണ്ടും വിചാരണയ്ക്ക് കൊണ്ടുവരുമെന്ന് യു.എസ്. അറ്റോർണി ഓഫീസ് അറിയിച്ചു. പ്രതിക്കെതിരായ തെളിവുകൾ ശക്തമാണെന്നും പുതിയ ജൂറിയുടെ മുന്നിൽ കേസ് വീണ്ടും അവതരിപ്പിച്ച് കുറ്റക്കാരനാണെന്ന് തെളിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, കുറ്റക്കാരനല്ലെന്ന നിലപാടെടുത്ത ജൂറിയിലെ ഒരംഗം സർക്കാരിന്റെ വാദത്തിൽ നിരവധി പോരായ്മകളുണ്ടായിരുന്നുവെന്ന് പ്രതികരിച്ചു. ആദ്യ തീപിടിത്തം പ്രതി തന്നെയാണ് ഉണ്ടാക്കിയതെന്ന് തെളിയിക്കാൻ മതിയായ തെളിവില്ലായിരുന്നുവെന്നും, പിന്നീട് ഉണ്ടായ വൻകാട്ടുതീയുടെ മുഴുവൻ ഉത്തരവാദിത്തവും പ്രതിയുടെ മേൽ ചുമത്താനാകില്ലെന്നുമാണ് അവർ അഭിപ്രായപ്പെട്ടത്.

പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, ഉബർ ഡ്രൈവറായിരുന്ന റിൻഡർക്‌നെക്ട് 2025 ജനുവരി ഒന്നിന് ടോപാംഗ സ്റ്റേറ്റ് പാർക്കിൽ തീകൊളുത്തുകയായിരുന്നു. അഗ്‌നിശമനസേന ആദ്യം തീ നിയന്ത്രണവിധേയമാക്കിയെങ്കിലും അത് പൂർണമായി അണയാതെ കിടന്നതിനാൽ ശക്തമായ കാറ്റിൽ വീണ്ടും ആളിപ്പടർന്ന് പാലിസേഡ്‌സ് കാട്ടുതീയായി മാറിയെന്നാണ് ആരോപണം.

ഒൻപത് മാസം കഴിഞ്ഞ് ഫളോറിഡയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.