ലിസ്ബൺ : പോർച്ചുഗലിൽ ഇന്ത്യൻ വംശജനായ വ്യവസായി കിഷോർ ഗുജറാത്തിക്ക് നേരെ അജ്ഞാതരുടെ വെടിവെപ്പ്. പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോർച്ചുഗൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒഡിവെലാസിലെ സിഡാഡെ നോവ പ്രദേശത്താണ് ആക്രമണം നടന്നത്. വെടിവെപ്പിന് പിന്നിൽ സംഘപരിവാർ കുറ്റകൃത്യ സംഘങ്ങളാണെന്ന സംശയം ഉയർന്നിട്ടുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിന് പിന്നാലെ 'രാഹുൽ ആർ.കെ. മീണ' എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അവകാശപ്പെടുന്ന കുറിപ്പ് പ്രത്യക്ഷപ്പെട്ടു. കിഷോർ ഗുജറാത്തിക്ക് നേരെയുള്ള വെടിവെപ്പിന് താനാണ് ഉത്തരവാദിയെന്നും മുന്നറിയിപ്പുകൾ അവഗണിക്കുന്നവർക്ക് ഇതേവിധി നേരിടേണ്ടിവരുമെന്നുമാണ് പോസ്റ്റിൽ പറയുന്നത്.
കൂടാതെ, തങ്ങൾ ബന്ധപ്പെട്ട എല്ലാവരും ഏത് നിമിഷവും ആക്രമണം നേരിടാൻ തയ്യാറായിരിക്കണമെന്നും ഭാവിയിൽ ഇതിലും ക്രൂരമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നും പോസ്റ്റിൽ ഭീഷണി മുഴക്കിയിട്ടുണ്ട്. 'സുനിൽ മീണ ഗാങ്', 'അമൻ സാഹു ഗാങ്' തുടങ്ങിയ സംഘങ്ങളുടെ പേരുകളും പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്.
എന്നാൽ ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ ആധികാരികതയോ ആക്രമണവുമായി ഇതിന് ബന്ധമുണ്ടോയെന്നോ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വെടിവെപ്പിന് പിന്നിൽ സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ പങ്കണ്ടോയെന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയായിരിക്കുകയാണ്. എന്നാൽ ഔദ്യോഗിക അന്വേഷണ ഫലം പുറത്തുവരുന്നതുവരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ അഭ്യർഥിച്ചു.
പോർച്ചുഗലിൽ ഇന്ത്യൻ വംശജനായ വ്യവസായിക്ക് വെടിയേറ്റു
