വാഷിങ്ടൺ: അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന അഞ്ചാംഘട്ട ചർച്ചകൾക്കൊടുവിൽ അമേരിക്ക, ഇസ്രയേൽ, ലെബനൻ എന്നീ രാജ്യങ്ങൾ ത്രികക്ഷി ചട്ടക്കൂട് കരാറിൽ ഒപ്പുവച്ചു. ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ച് അതിർത്തിയിൽ സ്ഥിരതയും സമാധാനവും ഉറപ്പാക്കുകയാണ് കരാറിന്റെ ലക്ഷ്യം.
'ഇത് സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. മുന്നിൽ ഇനിയും ഏറെ പ്രവർത്തനങ്ങൾ ബാക്കിയുണ്ടെങ്കിലും ഏറ്റവും പ്രയാസമുള്ള ആദ്യപടി പിന്നിട്ടു' എന്ന് കരാർ പ്രഖ്യാപിച്ച അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പറഞ്ഞു.
അമേരിക്ക മന്നോട്ടുവച്ച നിർദേശപ്രകാരം, തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യം കൈവശം വച്ചിരിക്കുന്ന ചില പ്രദേശങ്ങൾ ലെബനൻ സൈന്യത്തിന് കൈമാറുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച നടന്നത്.
ലെബനൻ അധീനതയിലുള്ള മുഴുവൻ പ്രദേശങ്ങളിൽനിന്നും ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറണമെന്നായിരുന്നു ലെബനന്റെ ആവശ്യം. എന്നാൽ, ഹിസ്ബുള്ളയെ പൂർണമായും നിരായുധരാക്കുകയും അതിർത്തി മേഖലയിൽ വീണ്ടും സൈനിക സാന്നിധ്യം ഉറപ്പിക്കില്ലെന്ന ഉറപ്പ് ലഭിക്കുകയും ചെയ്ത ശേഷമേ സൈനിക പിന്മാറ്റം സാധ്യമാകൂ എന്ന നിലപാടാണ് ഇസ്രയേൽ സ്വീകരിച്ചത്.
കരാറിന്റെ ഭാഗമായി തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യം നിയന്ത്രിക്കുന്ന ആറു മൈൽ ദൈർഘ്യമുള്ള സുരക്ഷാ മേഖലയിലെ രണ്ട് പ്രദേശങ്ങളിൽനിന്ന് സൈന്യം ഭാഗികമായി പിന്മാറാൻ ഇസ്രയേൽ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രങ്ങൾ നീക്കം ചെയ്ത ശേഷമായിരിക്കും ഈ പിന്മാറ്റം.
മാർച്ച് 2ന് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതിന് പിന്നാലെ പ്രതികാരമായി ഹിസ്ബുള്ള ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതോടെയാണ് ലെബനനും സംഘർഷത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്. തുടർന്ന് സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ നയതന്ത്ര ചർച്ചകൾ ആരംഭിക്കുകയായിരുന്നു.
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേൽ-ലെബനൻ ധാരണ; സമാധാനത്തിലേക്ക് ആദ്യ ചുവടുവെപ്പ്
