ഗോള്‍ഫ് കോഴ്സുകള്‍ക്കപ്പുറം ഇനി നഗരവീഥികളിലും ഇലക്ട്രിക് കാര്‍ട്ടുകള്‍

ഗോള്‍ഫ് കോഴ്സുകള്‍ക്കപ്പുറം ഇനി നഗരവീഥികളിലും ഇലക്ട്രിക് കാര്‍ട്ടുകള്‍


വാന്‍കൂവര്‍: ഗോള്‍ഫ് കോഴ്സുകളില്‍ മാത്രം കണ്ടിരുന്ന ഇലക്ട്രിക് കാര്‍ട്ടുകള്‍ ഇപ്പോള്‍ നഗരവീഥികളിലേക്കും വ്യാപിക്കുന്നു. കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുന്ന ചെറു ഇലക്ട്രിക് വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാര്‍ഗമായി കാനഡയില്‍ ശ്രദ്ധ നേടുകയാണ്.

ബ്രിട്ടീഷ് കൊളംബിയയിലെ സംരംഭകയായ താഷ മേനാര്‍ഡ് 2024ല്‍ ആരംഭിച്ച ഹേയാ കാര്‍ട്ട്‌സ് എന്ന സ്ഥാപനത്തിലൂടെ വാന്‍കൂവറിലും വിക്ടോറിയയിലും റോഡില്‍ നിയമപരമായി ഓടിക്കാവുന്ന ഇലക്ട്രിക് ഗോള്‍ഫ് കാര്‍ട്ടുകള്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്. ഇലക്ട്രിക് കാര്‍ട്ടുകള്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും ആസ്വദിക്കാവുന്നതുമാക്കിയാല്‍ നമ്മുടെ നഗരങ്ങള്‍ എങ്ങനെയായിരിക്കും എന്ന ചിന്തയിലാണ് ഈ സംരംഭത്തിന് തുടക്കമായതെന്ന് മേനാര്‍ഡ് പറയുന്നു.

ബ്രിട്ടീഷ് കൊളംബിയയില്‍ നിര്‍മിച്ച 35 വാഹനങ്ങളാണ് സ്ഥാപനത്തിന്റെ ശേഖരത്തിലുള്ളത്. നാല്, ആറ്, എട്ട് സീറ്റുകളുള്ള ഈ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ പരമാവധി 40 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും. ഒറ്റ ചാര്‍ജില്‍ ഏകദേശം 80 കിലോമീറ്റര്‍ വരെ ഓടാനുമാകും.

കാനഡയുടെ മോട്ടോര്‍ വാഹന സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം നാല് ചക്രങ്ങളുള്ളതും പരമാവധി 40 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതുമായ വാഹനങ്ങളെയാണ് ലോ-സ്പീഡ് ഇലക്ട്രിക് വാഹനങ്ങള്‍ (എല്‍ എസ് വി എസ്) എന്ന് വിശേഷിപ്പിക്കുന്നത്.

വലിയ പെട്രോള്‍ വാഹനങ്ങള്‍ ഉപയോഗിക്കാതെ ചെറിയ ദൂരയാത്രകള്‍ക്കായി ഈ കാര്‍ട്ടുകള്‍ ഉപയോഗിക്കാമെന്ന് മേനാര്‍ഡ് പറയുന്നു. സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനും കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്നതിനും വളര്‍ത്തുമൃഗങ്ങളെ പാര്‍ക്കിലേക്ക് കൊണ്ടുപോകുന്നതിനുമെല്ലാം ഇവ പ്രയോജനപ്പെടുന്നുണ്ട്. ഇത്തരം വാഹനങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നത് വായു മലിനീകരണവും ശബ്ദ മലിനീകരണവും കുറയ്ക്കുന്നതിനൊപ്പം കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ യാത്രക്കാരുടെയും സുരക്ഷയും മെച്ചപ്പെടുത്തുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

വാന്‍കൂവര്‍ മാരത്തോണ്‍ ഉള്‍പ്പെടെ വിവിധ നഗരോത്സവങ്ങളിലും പൊതുപരിപാടികളിലും ഹേയാ കാര്‍ട്ട്‌സ് പങ്കാളികളാണ്. മാരത്തോണില്‍ മുമ്പ് ട്രക്ക് ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ ഇലക്ട്രിക് കാര്‍ട്ടാണ് മുന്നണി വാഹനം ആയത്.

ഈ വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ പുഞ്ചിരിക്കുകയും വഴിയാത്രക്കാര്‍ കൈവീശി അഭിവാദ്യം ചെയ്യുകയും ചെയ്യുന്നുവെന്നും കാറുകളുടെ ചില്ലുകള്‍ അടച്ച് അതിവേഗം സഞ്ചരിക്കുന്ന നഗരജീവിതത്തിന് പകരം ആളുകള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുന്ന ഒരു യാത്രാ സംസ്‌കാരമാണ് ഇതെന്നും മേനാര്‍ഡ് പറഞ്ഞു.

ഒന്റാറിയോയിലെ ആല്‍ബിയന്‍ ഗോള്‍ഫ് കാര്‍സ് എന്ന സ്ഥാപനവും സമാനമായ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. 1970-കളില്‍ ഗോള്‍ഫ് കാര്‍ട്ടുകളുടെ ഡീലര്‍ഷിപ്പായി തുടങ്ങിയ സ്ഥാപനം ഇന്ന് ക്യാമ്പ് ഗ്രൗണ്ടുകള്‍, ട്രെയ്ലര്‍ പാര്‍ക്കുകള്‍, ഫാമുകള്‍, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍, സര്‍വകലാശാലകള്‍, നഗരസഭകള്‍ എന്നിവയ്ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ വിതരണം ചെയ്യുന്നു.

ഗ്വെല്‍ഫ് സര്‍വകലാശാല, ടൊറന്റോ സര്‍വകലാശാല, യോര്‍ക്ക് സര്‍വകലാശാല എന്നിവിടങ്ങളില്‍ പരിപാലന ജോലികള്‍, ലാന്‍ഡ്സ്‌കേപ്പിംഗ്, ഷട്ടില്‍ സര്‍വീസ്, പാര്‍ക്കിങ് മാനേജ്‌മെന്റ്, ക്യാമ്പസ് ടൂര്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നതായി ആല്‍ബിയന്‍ ഗോള്‍ഫ് കാര്‍സിന്റെ സെയില്‍സ് മാനേജര്‍ കോഡി ഈറ്റണ്‍ പറഞ്ഞു.

എന്നാല്‍ വിവിധ നഗരങ്ങളിലെ വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളും ഇത്തരം വാഹനങ്ങളുടെ വ്യാപനത്തിന് വെല്ലുവിളിയാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചില നഗരങ്ങളില്‍ രജിസ്‌ട്രേഷനും നമ്പര്‍ പ്ലേറ്റും നിര്‍ബന്ധമാണെങ്കില്‍, മറ്റ് ചില പ്രദേശങ്ങളില്‍ ഹെഡ്ലൈറ്റ്, ടേണ്‍ സിഗ്നല്‍, സീറ്റ് ബെല്‍റ്റ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ മാത്രം മതിയാകും. സസ്‌കാഷെവാനിലെ മൂസ് ജോ നഗരത്തില്‍ അടച്ചിട്ട മൊബിലിറ്റി സ്‌കൂട്ടറുകള്‍ റോഡിലും നടപ്പാതയിലും നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം ഏകീകൃത നിയമങ്ങള്‍ കൊണ്ടുവരുന്നതിനായി ഫെഡറല്‍ സര്‍ക്കാര്‍ വിവിധ മുനിസിപ്പല്‍ ചട്ടങ്ങള്‍ പഠിക്കുന്ന പൈലറ്റ് പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിലൂടെ ഭാവിയില്‍ കൂടുതല്‍ വ്യക്തമായ ദേശീയ മാനദണ്ഡങ്ങള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷ.

ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസോഴ്‌സസ്, എന്‍വയോണ്‍മെന്റ് ആന്‍ഡ് സസ്റ്റെയിനബിലിറ്റിയിലെ പ്രൊഫസര്‍ ബസ്സാം ജാവേദിന്റെ അഭിപ്രായത്തില്‍, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ലോ-സ്പീഡ് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വേഗത്തില്‍ വര്‍ധിക്കുകയാണ്. നഗര ലോജിസ്റ്റിക്‌സ്, വ്യോമയാന സേവനങ്ങള്‍, ടൂറിസം മേഖലകള്‍ എന്നിവയില്‍ ഇവ ചെലവ് കുറഞ്ഞതും പരിപാലിക്കാന്‍ എളുപ്പമുള്ളതുമായ പരിഹാരമായി മാറിയിട്ടുണ്ട്. ഏകദേശം 10,000 കാനഡിയന്‍ ഡോളര്‍ മുതലാണ് ഇത്തരം വാഹനങ്ങളുടെ വില ആരംഭിക്കുന്നത്.

ഗതാഗത മേഖലയിലെ മൊത്തം ഹരിതഗൃഹ വാതക ഉദ്വമനത്തില്‍ ഇവയുടെ പങ്ക് താരതമ്യേന ചെറുതാണെങ്കിലും വായു മലിനീകരണവും ശബ്ദ മലിനീകരണവും കുറയ്ക്കുന്നതില്‍ ഇവയ്ക്ക് നിര്‍ണായക സംഭാവന നല്‍കാനാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ചെറിയ മാറ്റങ്ങള്‍ പോലും വലിയ ഗുണം ചെയ്യുമെന്നാണ് അവരുടെ വിലയിരുത്തല്‍.