ഹൈദരാബാദില്‍ 'ഡൊണാള്‍ഡ് ട്രംപ് അവന്യൂ'; ഇത്തരത്തില്‍ ആദരിക്കപ്പെടുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റെന്ന് ട്രംപിന്റെ പ്രതികരണം

ഹൈദരാബാദില്‍ 'ഡൊണാള്‍ഡ് ട്രംപ് അവന്യൂ'; ഇത്തരത്തില്‍ ആദരിക്കപ്പെടുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റെന്ന് ട്രംപിന്റെ പ്രതികരണം


ഹൈദരാബാദ്: അമേരിക്കന്‍ കോണ്‍സുലേറ്റിനോട് ചേര്‍ന്നുള്ള റോഡിന് 'ഡൊണാള്‍ഡ് ട്രംപ് അവന്യൂ' എന്ന് പേര് നല്‍കിയതില്‍ നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത്തരത്തില്‍ ഒരു റോഡിന് പേര് നല്‍കി ആദരിക്കപ്പെടുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് താനെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയുടെ 250-ാം സ്ഥാപക വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഹൈദരാബാദിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപമുള്ള റോഡിന് 'ഡൊണാള്‍ഡ് ട്രംപ് അവന്യൂ' എന്ന് തെലങ്കാന സര്‍ക്കാര്‍ പേരിട്ടിരുന്നു.

തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്കയും ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോറും ചേര്‍ന്ന് ഫലകം അനാച്ഛാദനം ചെയ്ത ചിത്രത്തോടൊപ്പമാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പ്രതികരിച്ചത്.

'ഇന്ത്യയിലെ ഹൈദരാബാദിലുള്ള പുതിയ 'ഡൊണാള്‍ഡ് ട്രംപ് അവന്യൂ'. ഇത്തരത്തില്‍ ആദരിക്കപ്പെടുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഞാന്‍. നന്ദി!'  ട്രംപ് കുറിച്ചു.

സംഭവത്തെ ചരിത്രനിമിഷമെന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ കോണ്‍സുലേറ്റ് ജനറല്‍ ഹൈദരാബാദ്, അമേരിക്കയുടെ 250-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്ക മല്ലു ഔദ്യോഗികമായി ഫലകം അനാച്ഛാദനം ചെയ്തതായി എക്സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു.

തെലങ്കാന ജനതയ്ക്ക് നന്ദി അറിയിച്ച കോണ്‍സുലേറ്റ്, ഈ അംഗീകാരം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ പ്രതീകമാണെന്നും വ്യക്തമാക്കി.

പുതുതായി പേരിട്ട 'ഡൊണാള്‍ഡ് ട്രംപ് അവന്യൂ'വിന് സമീപമാണ് മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ പ്രമുഖ അമേരിക്കന്‍ സാങ്കേതിക കമ്പനികളുടെ ഓഫീസുകളും സ്ഥിതി ചെയ്യുന്നത്.

ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ വഹിക്കുന്ന വര്‍ധിച്ചുവരുന്ന പ്രാധാന്യത്തിന്റെയും അമേരിക്കയ്ക്കുള്ള ആദരസൂചകവുമായാണ് റോഡിന് ഈ പേര് നല്‍കിയതെന്ന് തെലങ്കാന സര്‍ക്കാര്‍ വിശദീകരിച്ചു.

റോഡിന്റെ പേര് മാറ്റിയ നടപടിക്കെതിരെ ബി ജെ പി രംഗത്തെത്തി. പാര്‍ട്ടി വക്താവ് ഷെഹ്സാദ് പൂനാവാല കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എക്സില്‍ കുറിച്ചു.

പ്രസിഡന്റ് ട്രംപ് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് രാഹുല്‍ ഗാന്ധി പറയുന്നുവെന്നും എന്നാല്‍ തെലങ്കാനയിലെ അദ്ദേഹത്തിന്റെ സ്വന്തം സര്‍ക്കാര്‍ ട്രംപിന്റെ പേരില്‍ റോഡിന് പേരിടുന്നത് എന്തുകൊണ്ടാമെന്നും അദ്ദേഹം ചോദിച്ചു. ഈ ചടങ്ങില്‍ ഉപമുഖ്യമന്ത്രി പങ്കെടുത്തതും തീരുമാനം മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ അംഗീകാരത്തോടെയാണെന്നും പൂനാവാല ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍ക്ക് രേവന്ത് റെഡ്ഡി വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും നേരത്തേ അദാനി ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ചതും അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഹൈദരാബാദ് ഇന്ത്യ- അമേരിക്ക പങ്കാളിത്തത്തില്‍ വഹിക്കുന്ന വര്‍ധിച്ചുവരുന്ന പങ്കിന്റെ പ്രതീകമായാണ് റോഡിന്റെ പേര് മാറ്റിയതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു.