ന്യൂഡല്‍ഹി: ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ സമീപകാലത്ത് ചില വെല്ലുവിളികള്‍ ഉണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദമാണ് ഇരു രാജ്യങ്ങളുടെയും ബന്ധത്തിന്റെ ഏറ്റവും ശക്തമായ അടിത്തറയെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോര്‍.
ട്രംപിന്റെ അടുത്ത വിശ്വസ്തരില്‍ ഒരാളായി അറിയപ്പെടുന്ന ഗോര്‍ ഇരുനേതാക്കള്‍ക്കും തമ്മില്‍ നിരവധി സാമ്യങ്ങളുണ്ടെന്നും അവര്‍ ഒരേ രീതിയില്‍ ചിന്തിക്കുകയും കാര്യങ്ങള്‍ നേരിട്ട് ഇടപെട്ട് നടപ്പാക്കാന്‍ താത്പര്യം കാണിക്കുകയും ചെയ്യുന്നവരാണെന്നും പറഞ്ഞു. ഐ എ എന്‍ എസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ട്രംപിന്റെ ആദ്യ ഭരണകാലത്തെ 'ഹൗഡി മോഡി', 'നമസ്‌തേ ട്രംപ്' പരിപാടികളെ ഓര്‍മിപ്പിച്ച ഗോര്‍, ഇരുവരുടെയും സൗഹൃദം വര്‍ഷങ്ങളുടെ പഴക്കമുള്ളതാണെന്ന് വ്യക്തമാക്കി.
പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോഡിയും അടുത്ത സുഹൃത്തുക്കളാണെന്നും ആ ബന്ധം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മോഡിയെ അസാധാരണമായ ചുറുചുറുക്കുള്ള നേതാവ് എന്ന് വിശേഷിപ്പിച്ച ഗോര്‍ അദ്ദേഹം നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തുകയും ഫലപ്രാപ്തിക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന നേതാവാണെന്ന് പറഞ്ഞു.
പ്രധാനമന്ത്രി മോഡിയും പ്രസിഡന്റ് ട്രംപും തമ്മില്‍ തനിക്ക് നിരവധി സാമ്യങ്ങള്‍ കാണാന്‍ കഴിയുന്നുവെന്നും ഇരുവരും കാര്യങ്ങളില്‍ നേരിട്ട് ഇടപെടാനും അവ വിജയകരമായി പൂര്‍ത്തിയാക്കാനും ഇഷ്ടപ്പെടുന്നവരാണെന്നും അവര്‍ ഒരേ രീതിയില്‍ ചിന്തിക്കുകയും ജനങ്ങള്‍ക്ക് ഫലപ്രദമായ നേട്ടങ്ങള്‍ എത്തിക്കാനാണ് ഇരുവരുടെയും ലക്ഷ്യമെന്നും ഗോര്‍ വ്യക്തമാക്കി.
ഈ സമാനതകളാണ് മോഡി- ട്രംപ് ബന്ധത്തിന്റെ പ്രധാന ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചാല്‍ ഉടന്‍ നടപടിയെടുക്കും. പ്രസിഡന്റ് ട്രംപും അതേ സ്വഭാവക്കാരനാണെന്നും ഗോര്‍ പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന ജി-7 ഉച്ചകോടിക്കിടെ ഒരു വര്‍ഷത്തിലേറെയായ ഇടവേളയ്ക്കുശേഷം മോഡിയും ട്രംപും തമ്മില്‍ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുന്നതില്‍ സെര്‍ജിയോ ഗോര്‍ നിര്‍ണായക പങ്കുവഹിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജി-7 ഉച്ചകോടിയില്‍ ഇരുവരുടെയും പതിവ് ആലിംഗനം ഉണ്ടായില്ലെങ്കിലും 16 മാസത്തെ ഇടവേളയ്ക്കുശേഷം അവര്‍ ഊഷ്മളമായ ഹസ്തദാനം പങ്കുവെച്ചു. 2025 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മോഡി വൈറ്റ് ഹൗസ് സന്ദര്‍ശിച്ചതിന് ശേഷമുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു അത്.
ഈ കാലയളവില്‍ ട്രംപിന്റെ ഇറക്കുമതി തീരുവ നയം, വ്യാപാര തര്‍ക്കങ്ങള്‍, എണ്ണ ഉപരോധങ്ങള്‍, പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ അമേരിക്ക നടത്തിയ സൈനിക നടപടിയില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം എന്നിവ ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ ചില സമ്മര്‍ദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
എന്നിരുന്നാലും, ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോഡിയെ ട്രംപ് പ്രശംസ കൊണ്ട് മൂടിയെന്ന് ഗോര്‍ ചൂണ്ടിക്കാട്ടി. മുമ്പ് ഇന്ത്യയെ വിമര്‍ശിച്ചിരുന്ന ട്രംപ്, മോഡിയെ 'കടുത്ത വ്യാപാര ചര്‍ച്ചക്കാരന്‍' എന്നും 'മാലാഖയെപ്പോലെ സൗമ്യനായ വ്യക്തി' എന്നും വിശേഷിപ്പിച്ചിരുന്നു. 'ആരെങ്കിലും ആ മനുഷ്യനെ ആക്രമിച്ചാല്‍ ഞങ്ങള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടാകും,' എന്നും ട്രംപ് പറഞ്ഞതായി അദ്ദേഹം ഓര്‍മിപ്പിച്ചു.
ജി-7 ഉച്ചകോടിയിലെ മോഡി- ട്രംപ് കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ച ഗോര്‍, 'അത് മികച്ച കൂടിക്കാഴ്ചയായിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച വളരെ ഊഷ്മളമായ അന്തരീക്ഷത്തിലായിരുന്നു നടന്നത്,' എന്നും പറഞ്ഞു.
