ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും അവശേഷിക്കുന്ന ഏതാനും വിഷയങ്ങളില്‍ അടുത്ത ഏതാനും ആഴ്ചകളിലോ മാസങ്ങളിലോ ധാരണയിലെത്താനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോര്‍.
എച്ച്-1ബി വിസ നടപടിക്രമം ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളെക്കുറിച്ച് പ്രതികരിക്കവേ കരാറില്‍ ഇനി പരിഹരിക്കാനുള്ളത് വിരലിലെണ്ണാവുന്ന ചില വിഷയങ്ങള്‍ മാത്രമാണെന്ന് ഗോര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും ഇപ്പോള്‍ കരാറിന്റെ അന്തിമഭാഷ തയ്യാറാക്കുന്ന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ഡല്‍ഹിയില്‍ യു എസ് ട്രേഡ് പ്രതിനിധി ജെയ്മിസണ്‍ ഗ്രീറിനൊപ്പം നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നതായും കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലുമായും കൂടിക്കാഴ്ച നടത്തിയെന്നും ഗോര്‍ പറഞ്ഞു. ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നുവെന്നും ഇനി അവശേഷിക്കുന്നത് ഏതാനും വിഷയങ്ങള്‍ മാത്രമാണെന്നും ഇരുരാജ്യങ്ങളും ഒപ്പുവെക്കുന്ന കരാറിന്റെ അന്തിമരൂപം തയ്യാറാക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധയെന്നും ഗോര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ- അമേരിക്ക സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്ന നിര്‍ണായക ചുവടുവയ്പ്പായിരിക്കും ഈ വ്യാപാര കരാറെന്നാണ് വിലയിരുത്തപ്പെടുന്നത്.
