ബി ജെ പിക്ക് പരീക്ഷ നടത്താന്‍ സാധിക്കില്ലെന്ന് വ്യക്തമായെന്ന് ടെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സി ജെ പി

ബി ജെ പിക്ക് പരീക്ഷ നടത്താന്‍ സാധിക്കില്ലെന്ന് വ്യക്തമായെന്ന് ടെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സി ജെ പി


മുംബൈ: മഹാരാഷ്ട്രയിലെ ടെറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദിപ്‌കെ. സര്‍ക്കാരിന്റെ പരാജയമാണിതെന്ന് വീണ്ടും തെളിയിച്ചെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്നും അഭിജിത് ആവശ്യപ്പെട്ടു.

പരീക്ഷകള്‍ സംഘടിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും അഭിജിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യം നീറ്റ്, ഇപ്പോഴിതാ മഹാരാഷ്ട ടെറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതു മൂലം അവസാന നിമിഷം പരീക്ഷ മാറ്റിവച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

2017 മുതല്‍ അധ്യാപകരും വിദ്യാര്‍ഥികളും ടെറ്റ് തട്ടിപ്പുകളെ പറ്റി നിലവിളിക്കുന്നുണ്ടെങ്കിലും ഈ സംവിധാനം പരിഹരിക്കുന്നതിന് പകരം യുവാക്കളെ പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് അധികാരികള്‍ ആഗ്രഹിക്കുന്നതെന്നും സംസ്ഥാന തലത്തിലായാലും ദേശീയ തലത്തിലായാലും ബി ജെ പിക്ക് ഒരു പരീക്ഷ പോലും നടത്താന്‍ സാധിക്കില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളെയും എം എല്‍ എമാരെയും എം പിമാരെയും വേട്ടയാടാനും മാത്രമെ അവര്‍ക്ക് കഴിയുകയുള്ളൂവെന്നും അഭിജിത് പറഞ്ഞു. നീറ്റ് പരീക്ഷ ക്രമക്കേടില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ ജൂണ്‍ 20 മുതല്‍ സി ജെ പി കുത്തിയിരുപ്പ് സമരം നടത്തിവരുകയാണ്. ജൂണ്‍ 28 മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്ക് പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും നിരാഹാര സമരം ആരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.