അമേരിക്ക- ഇറാന്‍ ധാരണ വിജയിക്കാന്‍ സാധ്യത 50 ശതമാനത്തില്‍ താഴെയെന്ന് വിദഗ്ധന്‍

അമേരിക്ക- ഇറാന്‍ ധാരണ വിജയിക്കാന്‍ സാധ്യത 50 ശതമാനത്തില്‍ താഴെയെന്ന് വിദഗ്ധന്‍


വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ അടുത്തിടെ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറും ധാരണാപത്രവും വിജയകരമാകാനുള്ള സാധ്യത 50 ശതമാനത്തില്‍ താഴെയാണെന്ന് അമേരിക്കന്‍ സര്‍വകലാശാലയിലെ ന്യൂക്ലിയര്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും ചരിത്ര പ്രൊഫസറുമായ പീറ്റര്‍ കുസ്‌നിക്. ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അവിശ്വാസമാണ് കരാറിന്റെ ഭാവിക്ക് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹോര്‍മുസ് കടലിടുക്കില്‍ അടുത്തിടെ ഉണ്ടായ സൈനിക ഏറ്റുമുട്ടല്‍ കരാര്‍ തകരാനുള്ള പ്രധാന കാരണമാകില്ലെന്ന് കുസ്‌നിക് വിയോണിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രസ്തുത സംഭവം കരാര്‍ തകരാനുള്ള സാധ്യതയില്‍ ചെറിയ സ്വാധീനം മാത്രമേ ചെലുത്തുകയുള്ളുവെന്നും യഥാര്‍ഥ പ്രശ്‌നം പതിറ്റാണ്ടുകളായി തുടരുന്ന പരസ്പര അവിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയ്ക്ക് ഇറാനെ വിശ്വാസമില്ലെന്നും ഇറാനും അമേരിക്കയെ വിശ്വസിക്കാതിരിക്കാന്‍ ശക്തമായ ചരിത്രപരമായ കാരണങ്ങളുണ്ടെന്നും കുസ്‌നിക് ചൂണ്ടിക്കാട്ടി.

1953-ല്‍ ഇറാനിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എ നടത്തിയ ഇടപെടലാണ് തെഹ്‌റാന്റെ അവിശ്വാസത്തിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു.

അതുപോലെ, ആണവ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ സൈനിക ആക്രമണങ്ങളും വാഷിങ്ടണിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന ധാരണ കൂടുതല്‍ ശക്തമാക്കിയെന്നും അദ്ദേഹം വിലയിരുത്തി.

ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ തന്നെ അമേരിക്കയും ഇസ്രായേലും രണ്ടുതവണ ആക്രമണം നടത്തിയതും ഇറാന്റെ സംശയങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് കുസ്‌നിക് പറഞ്ഞു.

അമേരിക്കയിലും ഇറാനിലും ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ചര്‍ച്ചകളെ കൂടുതല്‍ ദുര്‍ബലമാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഈ കരാര്‍ ഇറാനോട് കീഴടങ്ങിയതിന് തുല്യമാണെന്ന് കരുതുന്ന ശക്തമായ വിഭാഗമുണ്ടെന്ന് കുസ്‌നിക് പറഞ്ഞു. അവര്‍ ട്രംപിനെതിരെ ശക്തമായ സമ്മര്‍ദം ചെലുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാനിലും സമാന സാഹചര്യമാണുള്ളത്. അമേരിക്കയെ ഇപ്പോഴും 'മഹാപിശാച്' എന്നാണ് കാണുന്നതെന്നും അതിനാല്‍ അമേരിക്കയുമായി ചര്‍ച്ച നടത്തുന്നതിനെ പോലും എതിര്‍ക്കുന്ന ശക്തമായ വിഭാഗം അവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്രപരമായ അവിശ്വാസവും ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദങ്ങളും ചേര്‍ന്നാണ് കരാറിന്റെ ഭാവി അനിശ്ചിതമാകുന്നതെന്ന് കുസ്‌നിക് വിലയിരുത്തി.

പരസ്പര വിശ്വാസത്തിന്റെ അഭാവം വളരെ ഗുരുതരമാണ്. ഈ കരാര്‍ വിജയകരമാകാനുള്ള സാധ്യത 50 ശതമാനത്തില്‍ താഴെയാണ്. ഒരുപക്ഷേ അതിലും വളരെ കുറവായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.