അമേരിക്കയിലെ ഫോർ കോർണേഴ്‌സ് മേഖലയിൽ അതീവ ഗുരുതര കാട്ടുതീ ഭീഷണി; റെഡ് ഫ്‌ളാഗ് മുന്നറിയിപ്പ്

അമേരിക്കയിലെ ഫോർ കോർണേഴ്‌സ് മേഖലയിൽ അതീവ ഗുരുതര കാട്ടുതീ ഭീഷണി; റെഡ് ഫ്‌ളാഗ് മുന്നറിയിപ്പ്


വാഷിങ്ടൺ: അമേരിക്കയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ ഫോർ കോർണേഴ്‌സ് മേഖലയിൽ ഈ വാരാന്ത്യത്തിൽ അതീവ ഗുരുതരമായ കാട്ടുതീ ഭീഷണിയെന്ന് കാലാവസ്ഥാ അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിലുള്ള കാട്ടുതീ കൂടുതൽ വ്യാപിക്കാനും പുതിയ തീപിടിത്തങ്ങൾ അതിവേഗം പടരാനുമുള്ള സാഹചര്യമാണുള്ളത്.

യൂട്ടാ, കൊളറാഡോ, അരിസോണ, ന്യൂ മെക്‌സിക്കോ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഫോർ കോർണേഴ്‌സ് മേഖലയിലാണ് ഏറ്റവും വലിയ അപകടസാധ്യത. പ്രദേശത്ത് കടുത്ത ചൂടും അതിശക്തമായ കാറ്റും അതീവ വരണ്ട കാലാവസ്ഥയും തുടരുന്നതിനാൽ തീ നിയന്ത്രണാതീതമാകുമെന്നാണ് മുന്നറിയിപ്പ്.

യൂട്ടായിലെ ഏറ്റവും വലിയ കാട്ടുതീയായ കോട്ടൺവുഡ് ഫയർ ഇതിനകം 71,000 ഏക്കറിലധികം പ്രദേശം കത്തിച്ചെങ്കിലും ഇതുവരെ നിയന്ത്രണവധേയമായിട്ടില്ല. ഐറൺ ഫയർ 40,000 ഏക്കറിലധികം വ്യാപിച്ച് 38 ശതമാനം മാത്രമാണ് നിയന്ത്രണത്തിലായത്. ചെറി ഫയർ ഏകദേശം 20,000 ഏക്കർ കത്തിനശിപ്പിച്ചെങ്കിലും ഇതും നിയന്ത്രണത്തിലായിട്ടില്ല.

അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയിലെ ആറു സംസ്ഥാനങ്ങളിൽ നിലവിൽ റെഡ് ഫ്‌ളാഗ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഫോർ കോർണേഴ്‌സ് മേഖലയിൽ കാട്ടുതീ ഭീഷണി ഏറ്റവും ഉയർന്ന മൂന്നാം തലത്തിലുള്ള മുന്നറിയിപ്പായി ഉയർത്തി.

മണിക്കൂറിൽ 25 മുതൽ 35 മൈൽ വരെ വേഗത്തിൽ കാറ്റ് വീശാനും 55 മൈൽ വരെ വേഗത്തിലുള്ള കൊടുങ്കാറ്റാകാനും സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പനില ഒറ്റ അക്കത്തിലേക്ക് താഴുമെന്നുമാണ് പ്രവചനം.

ഇതിനാൽ നിലവിലുള്ള കാട്ടുതീ അതിവേഗം വ്യാപിക്കാനും പുതിയ തീപിടിത്തങ്ങൾ നിമിഷങ്ങൾക്കകം വലിയ ദുരന്തമായി മാറാനുമുള്ള സാധ്യത വളരെ കൂടുതലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.