വിക്ടോറിയ (സീഷെല്‍സ്): ഇന്ത്യന്‍ മഹാസമുദ്രം ഇന്ത്യയുടെയും സീഷെല്‍സിന്റെയും പങ്കിട്ട ഭവനമാണെന്നും അതിന്റെ സുരക്ഷയും സുസ്ഥിരതയും സമൃദ്ധിയും ഇരുരാജ്യങ്ങളുടെയും സംയുക്ത ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോ[ി പറഞ്ഞു. സീഷെല്‍സുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.
മൂന്നു ദിവസത്തെ സീഷെല്‍സ് സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് പാട്രിക് ഹെര്‍മിനിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോ[ി. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും നല്‍കിയ നേതൃത്വത്തിനുള്ള അംഗീകാരമായി സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ 'ഗാര്‍ഡിയന്‍ ഓഫ് ദ ബ്ലൂ ഹൊറൈസണ്‍' പുരസ്‌കാരവും അദ്ദേഹത്തിന് സമ്മാനിച്ചു.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സുരക്ഷയും സുസ്ഥിരതയും സമൃദ്ധിയും സംയുക്ത ഉത്തരവാദിത്വമാണെന്ന ചിന്തയാണ് 'മഹാസാഗര്‍' ദര്‍ശനത്തിന്റെ അടിസ്ഥാനം. ഈ വര്‍ഷം ഫെബ്രുവരിയില്‍ സീഷെല്‍സ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പുറത്തിറക്കിയ സംയുക്ത ദര്‍ശനരേഖ ഭാവി സഹകരണത്തിന് വ്യക്തമായ രൂപരേഖ ഒരുക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ മേഖലകളിലുമുള്ള സഹകരണം ശക്തിപ്പെടുകയാണെന്നും മോഡി പറഞ്ഞു.
ഇന്ത്യയും സീഷെല്‍സും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ കരുത്തുറ്റതും ഭാവിയെ ലക്ഷ്യമിട്ടതുമാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനും ഇന്ത്യ- സീഷെല്‍സ് ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ വ്യാപാരം വര്‍ധിക്കുന്നതിനൊപ്പം കിഴക്കന്‍ ആഫ്രിക്കയുമായും ഇന്ത്യന്‍ മഹാസമുദ്ര മേഖലയുമായും ബന്ധം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീഷെല്‍സില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ യു പി ഐ നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചതായും മോ[ി അറിയിച്ചു. ഡിജിറ്റല്‍ സാങ്കേതികവിദ്യയാണ് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്ന്. ഡിജിറ്റല്‍ പൊതുഅടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യ നേടിയ വിജയകരമായ അനുഭവങ്ങള്‍ സീഷെല്‍സുമായി പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ- സീഷെല്‍സ് ബന്ധത്തിന്റെ യഥാര്‍ഥ ശക്തി ജനങ്ങള്‍ തമ്മിലുള്ള ആത്മബന്ധമാണെന്ന് മോഡി പറഞ്ഞു. കായികരംഗത്തെ സഹകരണം സ്ഥാപനവല്‍ക്കരിക്കാനും ഇരു രാജ്യങ്ങളിലെയും കായികതാരങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സീഷെല്‍സില്‍ യോഗയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കുമുള്ള ജനപ്രീതി ഇരു രാജ്യങ്ങളുടെയും സാംസ്‌കാരിക ബന്ധത്തിന്റെ തെളിവാണെന്നും യുവജനങ്ങള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ തമ്മിലുള്ള ഇടപെടല്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യം, ശുദ്ധ ഊര്‍ജം, ബഹിരാകാശം, പ്രതിരോധം, ബ്ലൂ ഇക്കോണമി തുടങ്ങിയ മേഖലകളില്‍ സഹകരണം വിപുലീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ജനഔഷധി പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ സീഷെല്‍സില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നും ആരോഗ്യരംഗത്തെ ശേഷിവികസനത്തിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീന്‍ ഹൈഡ്രജന്‍, സമുദ്ര നിരീക്ഷണം, സമുദ്രശാസ്ത്രം, തീരദേശ പരിപാലനം എന്നിവയിലും പുതിയ ബഹിരാകാശ സഹകരണ കരാറിലൂടെയും ബന്ധം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിദേശകാര്യ സേവന സഹകരണം, ഡിജിറ്റല്‍ ബാങ്കിങ്, ആരോഗ്യം, കൃഷി, ബഹിരാകാശ ഗവേഷണം, പുതിയ സീഷെല്‍സ് ദേശീയ ആശുപത്രി നിര്‍മ്മാണം എന്നിവ ഉള്‍പ്പെടെ നിരവധി കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി പ്രസിഡന്റ് പാട്രിക് ഹെര്‍മിനിയും അറിയിച്ചു.
മോഡിയുടെ സന്ദര്‍ശനം ഇന്ത്യ- സീഷെല്‍സ് ബന്ധത്തിലെ നാഴികക്കല്ലാണെന്നും ഈ സന്ദര്‍ശനത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ഇരു രാജ്യങ്ങളുടെയും സഹകരണത്തിന്റെ പുതിയ ഘട്ടത്തിന് വഴിതുറക്കുമെന്നും ഹെര്‍മിനി പറഞ്ഞു.
