കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 'നോ കിൽ' (മൃഗങ്ങളെ കൊല്ലാത്ത) എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ 117 നായകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് വലിയ വിവാദമായി. പല നായകളുടെയും ശരീരത്തിൽ വെടിയേറ്റ പാടുകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഹംബോൾട്ട് കൗണ്ടിയിലെ ഫോർച്യൂണ നഗരത്തിലുള്ള 50 ഏക്കർ വിസ്തൃതിയുള്ള മിറാണ്ടാസ് റെസ്‌ക്യൂ ആനിമൽ സാങ്ച്വറിയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. അന്വേഷണത്തിനിടെ 21 നായകളുടെ തലയോട്ടികളും നൂറുകണക്കിന് അസ്ഥികളും നായ്ക്കളുടെ കഴുത്തിലിടുന്ന 600ലധികം ബെൽറ്റുകളും കണ്ടെത്തി.
ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ വിവിധ ഘട്ടങ്ങളിലുള്ള 117 മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്ന് കണ്ടെത്തി. ഇവയിൽ 70 മൃതദേഹങ്ങളുടെ എക്‌സ്‌റേ പരിശോധനയിൽ നിരവധി നായകളുടെ ശരീരത്തിൽ വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഷെരീഫ് ഓഫീസ് അറിയിച്ചു. ഒരു കെട്ടിടത്തിനുള്ളിൽ നായകളെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന സ്ഥലവും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
മൃഗപീഡനം, തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ ചൂണ്ടിക്കാട്ടി ഏപ്രിലിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. സമീപവാസികളായ മൃഗസംരക്ഷണ പ്രവർത്തകർ രഹസ്യമായി ചിത്രങ്ങൾ പകർത്തുകയും പിന്നീട് മണ്ണിനടിയിൽ നിന്ന് നായകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തതോടെയാണ് കേസ് പുറത്തുവന്നത്.
അതേസമയം, ഷെൽട്ടറിന്റെ സ്ഥാപകയായ ഷാനൻ മിറാണ്ട എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞു. തങ്ങളുടെ സ്ഥാപനം 'നോ കിൽ' നയമാണ് പിന്തുടരുന്നതെന്നും, ചികിത്സയില്ലാത്ത അസുഖമോ മനുഷ്യർക്കും മറ്റ് മൃഗങ്ങൾക്കും ഗുരുതര ഭീഷണിയോ ഉള്ള അപൂർവ സാഹചര്യങ്ങളിൽ മാത്രമാണ് ദയാവധം നടത്താറുള്ളതെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ല. തെളിവുകൾ ശേഖരിക്കുകയും സാക്ഷികളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
'നോ കിൽ' ഷെൽട്ടറിൽ 117 നായകളുടെ മൃതദേഹങ്ങൾ; വെടിയേറ്റ പാടുകൾ കണ്ടെത്തി, അന്വേഷണം
