ആണവായുധം മാത്രമാണ് വഴിയെന്ന് ഐആർജിസി അനുകൂല മാധ്യമം; ഇറാനിൽ പുതിയ ചർച്ചകൾക്ക് തുടക്കം

ആണവായുധം മാത്രമാണ് വഴിയെന്ന് ഐആർജിസി അനുകൂല മാധ്യമം; ഇറാനിൽ പുതിയ ചർച്ചകൾക്ക് തുടക്കം


ടെഹ്‌റാൻ: ഇറാൻ ആണവായുധം സ്വന്തമാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് (IRGC) അനുകൂലമായ മാധ്യമമായ ഫാർസ് ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ച ലേഖനം രാജ്യത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക ഭീഷണി ഒഴിവാക്കാൻ ഇറാന് ആണവ പ്രതിരോധശേഷി'  നേടുകയല്ലാതെ മറ്റൊരു മാർഗമില്ലെന്നാണ് ലേഖനത്തിലെ വാദം.

ഒപ്പില്ലാതെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ, അമേരിക്കയും ഇസ്രയേലും സൈനിക സമ്മർദം ചെലുത്തുന്ന സാഹചര്യത്തിൽ ഇറാൻ ശക്തമായ നിലപാടിൽ നിന്ന് ചർച്ചകൾ നടത്തണമെങ്കിൽ ആണവ പ്രതിരോധശേഷി അനിവാര്യമാണെന്ന് പറയുന്നു.

അമേരിക്കയും ഇസ്രയേലും ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന സാഹചര്യത്തിൽ ശക്തിസമത്വം ഉറപ്പാക്കാനാണ് ആണവ പ്രതിരോധശേഷി വേണ്ടതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇത് യുദ്ധം ഒഴിവാക്കുമെന്നല്ല, മറിച്ച് സംഘർഷത്തിന്റെ വ്യാപ്തി നിയന്ത്രിക്കാൻ സഹായിക്കുമെന്നുമാണ് വിശദീകരണം.

അതേസമയം, ഈ നിലപാട് ഇറാൻ സർക്കാരിന്റെ ഔദ്യോഗിക നയത്തിന് വിരുദ്ധമാണ്. ആണവായുധം നിർമ്മിക്കാൻ പദ്ധതിയില്ലെന്ന് ഇറാൻ നേതൃത്വം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. പരമോന്നത നേതാവ് അയത്തുല്ല അലി ഖമനെയി ആണവായുധ വികസനം മതപരമായി നിരോധിക്കുന്ന ഫത്‌വയും നേരത്തെ പുറപ്പെടുവിച്ചിരുന്നു.

ഇതിനിടെ, ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നത് അമേരിക്കയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫാർസ് ന്യൂസ് ഏജൻസിയുടെ ലേഖനം ശ്രദ്ധേയമായിരിക്കുന്നത്.