തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ ബിജെപി-കോൺഗ്രസ് കൈയ്യാങ്കളി

തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ ബിജെപി-കോൺഗ്രസ് കൈയ്യാങ്കളി


തിരുവനന്തപുരം കോർപറേഷനിൽ ഭരണസ്തംഭനം ആരോപിച്ച് പ്രതിപക്ഷ കക്ഷികളായ സിപിഎമ്മും കോൺഗ്രസും പ്രതിഷേധിച്ചതോടെ കൗൺസിൽ യോഗം വീണ്ടും സംഘർഷഭരിതമായി. പ്രതിഷേധത്തിനിടെ യുഡിഎഫ് കൗൺസിലർമാർ ഹാളിനുള്ളിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ശ്രമിച്ചത് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ചെമ്പഴന്തി ഉദയൻ തടഞ്ഞതോടെയാണ് തർക്കം രൂക്ഷമായത്.

യുഡിഎഫ് കൗൺസിലർ ശബരിനാഥും ചെമ്പഴന്തി ഉദയനും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളലും ഉണ്ടായി. സംഭവത്തിനിടെ ഉദയന്റെ ഷർട്ട് കീറിയതായി ബിജെപി ആരോപിച്ചു. അതേസമയം, വനിതാ കൗൺസിലർമാരെ ബിജെപി അംഗങ്ങൾ കയ്യേറ്റം ചെയ്തതായി യുഡിഎഫും ആരോപിച്ചു.

സംഘർഷത്തെ തുടർന്ന് വെറും അഞ്ച് മിനിറ്റിനകം കൗൺസിൽ യോഗം അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ സിപിഎം കൗൺസിലർമാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വീൽചെയറിലായിരുന്നു കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്.