മാസപ്പടി കേസ്: വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

മാസപ്പടി കേസ്: വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി


തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലൻസ് കോടതി​ തള്ളി.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടിയായി പണം നൽകിയെന്ന ആരോപണം ഉയര്‍ന്ന കേസിൽ സിഎംആര്‍എൽ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങൾ നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം.​ ഈ ആരോപണം തെളിയിക്കുന്ന തെളി​വുകൾ ഹാജരാകുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ്  വിജിലൻസ് കോടതി ​അന്വേഷണാവശ്യം നിരാകരിച്ചത്.

സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നൽകിയെന്നാണ് ഹർജിക്കാരൻെറ ആരോപണം. ​ഇത് തെളിയിക്കുന്നതിന് രേഖകൾ ഹാജരാക്കാൻ മാത്യുകുഴൽ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ചില രേഖകള്‍ കുഴൽനാടൻെറ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖകളൊന്നും സിഎംആർഎലിന് സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി ​കാണിക്കുന്നില്ലെന്ന് വിജിലൻസും വാദിച്ചു.