തൃശൂര്‍ വെടിമരുന്ന് ദുരന്തം: മൃതദേഹങ്ങള്‍ തെരയാന്‍ കഡാവര്‍ നായ്ക്കളും

തൃശൂര്‍ വെടിമരുന്ന് ദുരന്തം: മൃതദേഹങ്ങള്‍ തെരയാന്‍ കഡാവര്‍ നായ്ക്കളും


തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തമുണ്ടായ സ്ഥലത്ത് തെരച്ചില്‍ നടത്താന്‍ കഡാവര്‍ നായ്ക്കളും രംഗത്ത്. ബല്‍ജിയം മലിനോയിസ് വിഭാഗത്തില്‍ പെട്ട മായ, മര്‍ഫി, എയ്ഞ്ചല്‍ എന്നീ നായ്ക്കളെയാണ് തെരച്ചിലിനായി എത്തിച്ചത്. പ്രദേശത്ത് അവശേഷിച്ചിരിക്കുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നതാണ് ലക്ഷ്യം. നാല്‍പ്പത് അടി താഴെയുള്ള മൃതദേഹങ്ങള്‍ വരെ കണ്ടെത്താല്‍ പരിശീലനം ലഭിച്ച നായ്ക്കളാണിവ. പഴകിയതും അഴുകിയതുമായ മൃതദേഹങ്ങള്‍ കണ്ടെത്താനും സാധിക്കും.

മൃതദേഹത്തിന്റെ ഭാഗങ്ങള്‍, കോശങ്ങള്‍, രക്തം, എല്ല് എന്നിവ മണത്ത് കണ്ടെത്താനായാണ് കഡാവര്‍ നായ്ക്കര്‍. ശരീരം ജീര്‍ണിക്കുമ്പോഴുള്ള 400തരം രാസസംയുക്തങ്ങള്‍ മണത്ത് കണ്ടെത്താന്‍ ഇവയ്ക്ക് സാധിക്കും.

ഇലന്തൂരിലെ ഇരട്ടബലിക്കേസ്, ചൂരല്‍മല ഉരുള്‍പൊട്ടല്‍, പെട്ടിമുടി പ്രകൃതി ദുരന്തം, കൊക്കിയാര്‍ ഉരുള്‍പൊട്ടല്‍, തെലങ്കാനയിലെ നാഗര്‍കുര്‍ണൂര്‍ ടണല്‍ അപകടം എന്നിവിടങ്ങളിലെല്ലാം കഡാവര്‍ നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ മുണ്ടത്തിക്കോട് വെടിമരുന്നിന്റെ ഗന്ധം നായ്ക്കളെ ആശയക്കുഴപ്പത്തിലാക്കാനുള്ള സാധ്യതയും നില നില്‍ക്കുന്നുണ്ട്. മുണ്ടത്തിക്കോടിലെ വന്‍ സ്‌ഫോടനത്തില്‍ ഇരകളായവരുടെ ശരീരം ചിന്നിച്ചിതറി അടുത്തുള്ള വയലിലേക്ക് വന്നു വീഴുകയാണുണ്ടായത്. വയലില്‍ നിന്ന് കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ ശേഖരിച്ചിരുന്നു. ഇത്തരത്തില്‍ ഇനിയും ശരീരാവശിഷ്ടങ്ങള്‍ ബാക്കിയുണ്ടോ എന്നറിയാനാണ് തെരച്ചില്‍. ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. 26 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്.