ഒമാൻ തീരത്ത് കപ്പലിന് നേരെ വെടിവെപ്പ്; ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം രൂക്ഷം

ഒമാൻ തീരത്ത് കപ്പലിന് നേരെ വെടിവെപ്പ്; ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം രൂക്ഷം


ഒമാൻ: ഹോർമുസ് കടലിടുക്കിനടുത്ത് ചരക്കുകപ്പലിന് നേരെ ഇറാൻ റെവല്യൂഷനറി ഗാർഡ് കോർപ്പ്‌സ് (IRGC) ഗൺബോട്ട് വെടിവെച്ചതായി റിപ്പോർട്ട്. ഒമാൻ തീരത്തുനിന്ന് ഏകദേശം 15 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ കപ്പലിന്റെ ബ്രിഡ്ജിന് ഗുരുതര നാശനഷ്ടം സംഭവിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു.

കപ്പലിന്റെ ക്യാപ്റ്റന്റെ മൊഴിപ്രകാരം, ഇറാൻ വിപ്ലവ സേന ഗൺബോട്ട് കപ്പലിനോട് സമീപിച്ച് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ തീപിടിത്തമോ പരിസ്ഥിതി നാശനഷ്ടമോ ഉണ്ടായിട്ടില്ല. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി.

ലൈബീരിയൻ പതാകയുമായി സഞ്ചരിച്ചിരുന്ന കപ്പലിന് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി ലഭിച്ചിരുന്നുവെന്ന് ബ്രിട്ടീഷ് സുരക്ഷാ ഏജൻസി വ്യക്തമാക്കി. എന്നാൽ കപ്പൽ സൈന്യത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചതായാണ് ഇറാന്റെ വാർത്ത ഏജൻസികൾ, ആരോപിക്കുന്നത്.

ഇതിനിടെ, ഹോർമുസ് കടലിടുക്കിലെ സാഹചര്യം വീണ്ടും സംഘർഷഭരിതമായി തുടരുകയാണ്. വെടിനിർത്തൽ കാലയളവിൽ വാണിജ്യ ഗതാഗതത്തിന് തുറന്നിരുന്ന കടലിടുക്ക്, അമേരിക്ക നാവിക ഉപരോധം തുടരുന്നതായി ആരോപിച്ച് ഇറാൻ വീണ്ടും നിയന്ത്രണത്തിൽ കൊണ്ടുവന്നു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ നീട്ടിയ പ്രഖ്യാപനം വന്ന ദിവസമാണ് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് മേൽ അമേരിക്ക തുടരുന്ന ഉപരോധം വെടിനിർത്തൽ ലംഘനമാണെന്ന നിലപാടിലാണ് ഇറാൻ. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം ഇതോടെ കൂടുതൽ ശക്തമായി.