വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തെ സഹായിച്ച ഏകദേശം 1,100 അഫ്ഗാൻ പൗരന്മാരെ കോംഗോയിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഡോണൾഡ് ട്രംപിന്റെ ഭരണകൂടം നടത്തുന്നതായി റിപ്പോർട്ട്. ലാഭേച്ഛരഹിത സംഘടനകളാണ് ചർച്ചകൾ നടക്കുന്നതായി സ്ഥിരീകരിച്ചത്.
അമേരിക്കയിൽ പുനരധിവസിക്കാൻ അഫ്ഗാനികൾക്ക് അവസരം നൽകിയിരുന്ന പദ്ധതിയെ ട്രംപ് നിർത്തിവച്ചതിനു പിന്നാലെയാണ് ഈ നീക്കം. ഇതോടെ നിരവധി പേർ വർഷങ്ങളായി അനിശ്ചിതത്വത്തിൽ കഴിയുകയാണ്.
അഫ്ഗാനിസ്ഥാനിലെ യുദ്ധകാലത്ത് അമേരിക്കൻ സേനയെ സഹായിച്ച വിവർത്തകരും സൈനികരുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളും ഉൾപ്പെടുന്ന സംഘമാണ് ഇത്. 400ൽ അധികം കുട്ടികളും സംഘത്തിലുണ്ട്. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇവരെ അമേരിക്ക ഖത്തറിലേക്ക് ഒഴിപ്പിച്ച് താമസിപ്പിച്ചിരുന്നു. എന്നാൽ, ഒരു വർഷത്തിലേറെയായി ഇവർ അവിടെ കുടുങ്ങിയ നിലയിലാണ്.
ഇതിനിടെ, താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുക ഇവർക്കു അപകടകരമാണെന്നാണ് വിലയിരുത്തൽ. ഇവരെ തിരികെ അയച്ചാൽ ജീവന് ഭീഷണിയുണ്ടാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, കോംഗോയിൽ തന്നെ വലിയ ആഭ്യന്തര പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. പതിറ്റാണ്ടുകളായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലക്ഷക്കണക്കിന് ആളുകൾ അവിടെ കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2025 സെപ്തംബർ വരെയായി ഏകദേശം 8.2 ദശലക്ഷം ആളുകൾ വീടുവിട്ടു കഴിയുന്നുണ്ടെന്നും ഇത് 9 ദശലക്ഷമായി ഉയരുമെന്നുമാണ് വിലയിരുത്തൽ.
ഷോൺ വാൻ ഡൈവറുടെ നേതൃത്വത്തിലുള്ള അഫ്ഗാൻ ഇവാക് സംഘടന നൽകുന്ന വിവരമനുസരിച്ച്, ഖത്തറിൽ കഴിയുന്ന 1,100 പേരിൽ 900ഓളം പേർക്ക് അമേരിക്കയിൽ താമസിക്കാൻ യോഗ്യതയുണ്ട്. ശേഷിക്കുന്നവർക്കായി കോംഗോയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളുമായി ചർച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.
'ഇത് എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്‌നമാണ്. യോഗ്യത നേടിയവരെ അമേരിക്കയിൽ പ്രവേശിപ്പിക്കാനാവും,' എന്നാണ് വാൻഡൈവർ അഭിപ്രായപ്പെട്ടത്. സംഘത്തിലെ 100 മുതൽ 150 പേർ വരെ അമേരിക്കൻ സൈന്യത്തിലെ സജീവ അംഗങ്ങളുടെ കുടുംബാംഗങ്ങളാണ്. 700ൽ അധികം സ്ത്രീകളും കുട്ടികളുമാണ്.
എന്നാൽ കോംഗോയിലേക്ക് മാറ്റാനുള്ള ചർച്ചകൾ അന്തിമ തീരുമാനത്തിലേക്ക് എത്തുമോയെന്നത് വ്യക്തമല്ല. തീരുമാനം വൈകുന്നതോടെ ഈ അഫ്ഗാൻ പൗരന്മാരുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലാകുകയാണ്.
അമേരിക്കയെ സഹായിച്ച അഫ്ഗാനികളെ കോംഗോയിലേക്ക് മാറ്റാൻ നീക്കം; 1,100 പേരുടെ ഭാവി അനിശ്ചിതത്വത്തിൽ
