ഒട്ടാവ: 2026-ലെ ആദ്യ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച നിലച്ചതോടെ കാനഡ സാങ്കേതിക മാന്ദ്യത്തിലേക്ക് വഴുതിയതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ച്ചയായ രണ്ടാം പാദത്തിലും സമ്പദ്വ്യവസ്ഥ ചുരുങ്ങിയതോടെയാണ് സാമ്പത്തിക വിദഗ്ധര്‍ ഈ വിലയിരുത്തല്‍ മുന്നോട്ടുവയ്ക്കുന്നത്.
സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ രാജ്യത്തിന്റെ യഥാര്‍ഥ മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി) വാര്‍ഷികാടിസ്ഥാനത്തില്‍ 0.1 ശതമാനം ഇടിഞ്ഞു. 2025-ലെ അവസാന പാദത്തില്‍ രേഖപ്പെടുത്തിയ ഒരു ശതമാനത്തെ സാമ്പത്തിക ചുരുക്കവും പിന്നീട് സ്ഥിരീകരിക്കപ്പെട്ടിരുന്നു.
തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ സാമ്പത്തിക വളര്‍ച്ച നെഗറ്റീവ് നിലയിലാകുന്നതാണ് പൊതുവെ 'സാങ്കേതിക മാന്ദ്യം' എന്നറിയപ്പെടുന്നത്.
എന്നാല്‍ പാദാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ആദ്യ പാദത്തിലെ ജി ഡി പി വളര്‍ച്ച മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ രേഖപ്പെടുത്തിയ ഇടിവിനുശേഷം ഇത് ഒരു ആശ്വാസ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ പാദാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പ്രകാരം കാനഡ വളരെ നേരിയ വ്യത്യാസത്തില്‍ മാന്ദ്യ നിര്‍വചനത്തില്‍ നിന്ന് ഒഴിവായതായും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വാര്‍ഷികാടിസ്ഥാനത്തിലുള്ള കണക്ക് നിലവിലെ പാദത്തിലെ വളര്‍ച്ചാ നിരക്ക് മുഴുവന്‍ വര്‍ഷവും തുടര്‍ന്നാല്‍ എന്തായിരിക്കുമെന്നതിന്റെ സൂചന നല്‍കുന്നതാണ്. അതേസമയം, പാദാടിസ്ഥാന കണക്കുകള്‍ യഥാര്‍ഥ വളര്‍ച്ചയെയോ ഇടിവിനെയോ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്.
2020-ല്‍ കോവിഡിന്റെ തുടക്കത്തിലാണ് കാനഡ അവസാനമായി സാങ്കേതിക മാന്ദ്യത്തിലായത്. അതിന് മുമ്പ് 2015-ലെ എണ്ണവില പ്രതിസന്ധിക്കാലത്തും സമാന സാഹചര്യമുണ്ടായിരുന്നു.
ബി എം ഒ ബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധനായ ഡഗ്ലസ് പോര്‍ട്ടറിന്റെ അഭിപ്രായത്തില്‍ നിലവിലെ സാഹചര്യത്തെ സാങ്കേതിക മാന്ദ്യമെന്ന് വിശേഷിപ്പിക്കണമോയെന്നത് ചര്‍ച്ചാ വിഷയമാണ്. ആദ്യ പാദത്തിലെ ഇടിവ് വളരെ ചെറുതായതിനാല്‍ പിന്നീട് കണക്കുകള്‍ തിരുത്തപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഏപ്രിലില്‍ സമ്പദ്വ്യവസ്ഥ 0.4 ശതമാനം വളര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ഭാവിയിലേക്കുള്ള പ്രതീക്ഷ നല്‍കുന്ന സൂചനയാണെന്ന് പോര്‍ട്ടര്‍ വിലയിരുത്തി.
സ്ഥിതിവിവരക്കണക്കുകളിലെ ഒരു മായക്കാഴ്ചയായിരിക്കാം ഇതെന്നും എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി കാനഡയുടെ സമ്പദ്വ്യവസ്ഥ വളര്‍ച്ചയില്ലാത്ത അവസ്ഥയിലാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ മൂലധന നിക്ഷേപ ചെലവില്‍ ഉണ്ടായ ഇടിവും ആദ്യ പാദത്തിലെ സാമ്പത്തിക പ്രകടനത്തെ ബാധിച്ചു. സര്‍ക്കാര്‍ മൂലധന നിക്ഷേപം 2.5 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന സാമ്പത്തിക ദൗര്‍ബല്യത്തിന് പ്രധാന കാരണം വ്യാപാര യുദ്ധമാണെന്നും പോര്‍ട്ടര്‍ അഭിപ്രായപ്പെട്ടു.
ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 1.2 ശതമാനമായിരിക്കുമെന്നാണ് കാനഡ ബാങ്കിന്റെ പ്രവചനം. കഴിഞ്ഞ വര്‍ഷം ഇത് 1.7 ശതമാനമായിരുന്നു. ജൂലൈയില്‍ ബാങ്ക് പുതിയ സാമ്പത്തിക പ്രവചനങ്ങള്‍ പുറത്തുവിടും.
ആദ്യ പാദത്തില്‍ രാജ്യത്തേക്കുള്ള ഇറക്കുമതി വര്‍ധിച്ചതും ജി ഡി പിയെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ വലിയ തോതിലുള്ള ചരക്ക് ശേഖരണം ഇതിന്റെ ആഘാതം ഒരു പരിധിവരെ കുറച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വ്യക്തമാക്കി.
അതേസമയം, കുടുംബങ്ങളുടെ ഉപഭോഗ ചെലവ് വര്‍ധിച്ചത് സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസമായി. ധനകാര്യ സേവനങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും വേണ്ടി കാനഡക്കാര്‍ കൂടുതല്‍ ചെലവഴിച്ചതാണ് ഇതിന് കാരണം.
വ്യാപാര സ്ഥാപനങ്ങളുടെ മൂലധന നിക്ഷേപവും ആദ്യ പാദത്തില്‍ 0.7 ശതമാനം കുറഞ്ഞു. തുടര്‍ച്ചയായ അഞ്ചാം പാദത്തിലാണ് ഈ മേഖലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.
സാമ്പത്തിക അനിശ്ചിതത്വവും വര്‍ധിച്ചുവരുന്ന ചെലവുകളും കാരണം ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ നിക്ഷേപ പദ്ധതികള്‍ താത്ക്കാലികമായി മാറ്റിവെച്ചിരിക്കുകയാണെന്ന് കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ബിസിനസിന്റെ പ്രസിഡന്റ് ഡാന്‍ കെല്ലി പറഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തെ തുടര്‍ന്നുള്ള ഊര്‍ജവില വര്‍ധനയും ബിസിനസ് ചെലവുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മിക്ക ബിസിനസുകളും ഇപ്പോള്‍ മെച്ചപ്പെട്ട ദിവസങ്ങള്‍ പ്രതീക്ഷിച്ച് പിടിച്ചുനില്‍ക്കുന്ന അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു.
സമ്പദ്വ്യവസ്ഥയില്‍ ആത്മവിശ്വാസക്കുറവ് നിലനില്‍ക്കുന്നതിനാല്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് സംരംഭകര്‍ തയ്യാറാകുന്നില്ലെന്നും കെല്ലി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷാവസാനത്തിന് മുമ്പ് പലിശനിരക്ക് ഉയര്‍ത്തുമെന്ന് ധനവിപണികള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ജി ഡി പി സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ അത്തരമൊരു നീക്കത്തിനുള്ള സാധ്യത കുറയുമെന്ന് ഡഗ്ലസ് പോര്‍ട്ടര്‍ വിലയിരുത്തി.
ഇത് പേരില്‍ മാത്രം മാന്ദ്യമാണെന്ന് പിന്നീട് തെളിഞ്ഞാലും കഴിഞ്ഞ നാല് പാദങ്ങളില്‍ മൂന്നിലും ജി ഡി പി ഇടിഞ്ഞുവെന്ന വസ്തുത പലിശനിരക്ക് ഉയര്‍ത്താനുള്ള വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
