ആല്‍ബര്‍ട്ട വിട്ടുപോകല്‍ ചര്‍ച്ച; ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍

ആല്‍ബര്‍ട്ട വിട്ടുപോകല്‍ ചര്‍ച്ച; ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍


ഒട്ടാവ: കാനഡയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രവിശ്യകള്‍ തമ്മിലുള്ള സഹകരണത്തിനുമിടയില്‍ അല്‍ബര്‍ട്ടയുടെ വിട്ടുപോകല്‍ ചര്‍ച്ച വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി. രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിര്‍ണായക ഘട്ടത്തില്‍ അല്‍ബര്‍ട്ടയിലെ വേര്‍പിരിയല്‍ ഹിതപരിശോധന ചര്‍ച്ച 'മുറിയിലെ ആന' എന്ന പോലെയുള്ള അവഗണിക്കാനാവാത്ത വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

കാനഡയിലെ വിവിധ പ്രവിശ്യകള്‍ തമ്മിലുള്ള വ്യാപാര തടസങ്ങള്‍ കുറച്ച് ദേശീയ സാമ്പത്തിക ഐക്യം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സമയത്താണ് അല്‍ബര്‍ട്ട വിട്ടുപോകാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതെന്ന് എബി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ ഐക്യത്തിനും സാമ്പത്തിക മുന്നേറ്റത്തിനും തിരിച്ചടിയാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തുമായി പുതിയ എണ്ണ പൈപ്പ്ലൈന്‍ പദ്ധതിയെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്നതിനിടെയാണ് എബിയുടെ പരാമര്‍ശം. ബ്രിട്ടീഷ് കൊളംബിയയിലൂടെ പടിഞ്ഞാറന്‍ തീരത്തേക്ക് പുതിയ എണ്ണ പൈപ്പ്ലൈന്‍ നിര്‍മിക്കണമെന്ന അല്‍ബര്‍ട്ടയുടെ ആവശ്യം ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

അതേസമയം, ദേശീയ പ്രാധാന്യമുള്ള നിരവധി വികസന പദ്ധതികള്‍ ബ്രിട്ടീഷ് കൊളംബിയയില്‍ നിലവിലുണ്ടെങ്കിലും ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും എബി ആരോപിച്ചു. ഖനി വികസന പദ്ധതികള്‍, ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി ടെര്‍മിനലുകള്‍, വൈദ്യുതി വിതരണ ശൃംഖല വികസന പദ്ധതികള്‍ തുടങ്ങി ബില്യണ്‍ ഡോളര്‍ നിക്ഷേപമുള്ള നിരവധി പദ്ധതികളാണ് പ്രവിശ്യയില്‍ പുരോഗമിക്കുന്നത്.

2027ഓടെ പടിഞ്ഞാറന്‍ തീരത്തേക്ക് പുതിയ എണ്ണ പൈപ്പ്ലൈന്‍ എത്തിക്കണമെന്ന അല്‍ബര്‍ട്ടയുടെ നിര്‍ദേശം ഇപ്പോഴും പ്രാഥമിക ചര്‍ച്ചകളുടെ ഘട്ടത്തിലാണെന്നും പദ്ധതിക്ക് വ്യക്തമായ പാതയോ സ്വകാര്യ നിക്ഷേപകരോ സാമ്പത്തിക സാധ്യതാ പഠനമോ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആല്‍ബര്‍ട്ടയില്‍ നിന്ന് വരുന്ന ഈ സാങ്കല്‍പ്പിക പൈപ്പ്ലൈന്‍ പദ്ധതിമൂലം നിലവിലുള്ള നിരവധി വികസന പദ്ധതികള്‍ അപകടത്തിലാകുകയാണെന്ന് എബി പറഞ്ഞു.

ഇതിനിടെ, തദ്ദേശീയ ജനവിഭാഗങ്ങളുടെ ഭൂവകാശ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് താന്‍ പ്രീമിയറായ ശേഷം നേരിട്ട ഏറ്റവും സങ്കീര്‍ണമായ വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശീയ ജനതയുടെ അവകാശങ്ങളെക്കുറിച്ചുള്ള നിയമവും കോടതിവിധികളും സ്വകാര്യ ഭൂമിയുടമസ്ഥാവകാശവുമായി എങ്ങനെ പൊരുത്തപ്പെടുത്തുമെന്ന കാര്യത്തില്‍ വലിയ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച നിയമഭേദഗതികള്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നതായും വിവിധ വിഭാഗങ്ങളുമായി കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശീയ സമൂഹങ്ങളുമായി സഹകരിച്ച് തൊഴിലവസരങ്ങളും വികസന പദ്ധതികളും സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും എബി വ്യക്തമാക്കി.

അതേസമയം, ബ്രിട്ടീഷ് കൊളംബിയയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ സൂചനകളാണ് അടുത്തിടെ പ്രഖ്യാപിച്ച ജര്‍മ്മനിയുമായുള്ള എല്‍ എന്‍ ജി കരാറെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വടക്കുപടിഞ്ഞാറന്‍ ബ്രിട്ടീഷ് കൊളംബിയയിലെ ക്‌സി ലിസിംസ് എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്നുള്ള പ്രകൃതി വാതക കയറ്റുമതിയാണ് കരാറിന്റെ ഭാഗമാകുന്നത്.

എന്നാല്‍ അല്‍ബര്‍ട്ടയില്‍ നിന്നുള്ള പൈപ്പ്ലൈന്‍ പദ്ധതികളെക്കുറിച്ച് ഏതെങ്കിലും ദേശീയ ധാരണയിലേക്ക് എത്തണമെങ്കില്‍ ബ്രിട്ടീഷ് കൊളംബിയയും ചര്‍ച്ചാമേശയില്‍ ഉണ്ടായിരിക്കണമെന്നാണ് എബിയുടെ നിലപാട്.

എന്നിരുന്നാലും, കാനഡയുടെ സമ്പദ്വ്യവസ്ഥയെയും പ്രധാന വികസന പദ്ധതികളെയും ബാധിക്കുന്ന ഏറ്റവും വലിയ വിഷയമായി അല്‍ബര്‍ട്ടയുടെ വേര്‍പിരിയല്‍ റഫറണ്ടം ചര്‍ച്ച തുടരുകയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

കാനഡ മുമ്പെങ്ങുമില്ലാത്തവിധം കൂടുതല്‍ ശക്തമായ നിലയിലേക്കാണ് നീങ്ങുന്നതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അത്തരമൊരു ഘട്ടത്തില്‍ രാജ്യം ഒരുമിച്ച് തുടരണോ എന്ന ചോദ്യവുമായി റഫറണ്ടം ചര്‍ച്ച ഉയരുന്നത് നിരാശാജനകമാണെന്നും എബി പറഞ്ഞു.