കാബൂൾ: പാക്കിസ്ഥാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന അഫ്ഗാൻ അഭയാർഥി കുടുംബങ്ങളുമായി സഞ്ചരിച്ചിരുന്ന അമിതഭാരം കയറ്റിയ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. 36 പേർക്ക് പരിക്കേറ്റതായി അഫ്ഗാൻ അധികൃതർ അറിയിച്ചു. മരിച്ചവരിൽ 12 കുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു.
അഫ്ഗാനിസ്ഥാനിലെ ലഘ്മാൻ പ്രവിശ്യയിലെ ഖർഗായി ജില്ലയിൽ കാബൂൾ-ജലാലാബാദ് ദേശീയപാതയിലെ സുർഖകാൻ ജങ്ഷനു സമീപമാണ് അപകടമുണ്ടായത്. കാബൂളിനെയും പാക്കിസ്ഥാൻ അതിർത്തിയിലെ ടോർഖം കടന്നുപോകൽ കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.
അപകടത്തിൽ ആദ്യം 18 പേരാണ് മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിലർ കൂടി മരിച്ചതോടെ മരണസംഖ്യ 22 ആയി ഉയർന്നതായി നംഗർഹാർ പ്രവിശ്യാ പൊതുജനാരോഗ്യ ഡയറക്ടർ മൗലവി അമീനുള്ള ഷെരീഫ് അറിയിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
പാക്കിസ്ഥാൻ 2023 മുതൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടി ആരംഭിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് അഫ്ഗാൻ കുടുംബങ്ങളാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇറാനും സമാനമായ രീതിയിൽ അഫ്ഗാൻ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലക്ഷക്കണക്കിന് പേർ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇവരിൽ പലരും പാക്കിസ്ഥാനിൽ ജനിച്ച് അവിടെ തന്നെ ജീവിതം നയിച്ചവരാണ്.
അഭയാർഥികൾക്ക് ചെലവുകുറഞ്ഞ യാത്രാസൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ പലരും അമിതമായി ആളുകളെ കയറ്റിയ ചരക്കുലോറികളിലാണ് യാത്ര ചെയ്യുന്നത്. ഇതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ താലിബാൻ സർക്കാരിന്റെ വക്താവ് സബീഹുള്ള മുജാഹിദ് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
അതേസമയം, കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയിൽ മറ്റൊരു അപകടവും റിപ്പോർട്ട് ചെയ്തു. റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാർ നദിയിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന നാല് പേരെ കാണാതായതായും അവർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
അഭയാർത്ഥികൾക്കുവേണ്ടിയുള്ള യുഎൻ ഹൈക്കമ്മീഷണണറുടെയും കുടിയേറ്റക്കാർക്കുവേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയുടെയും കണക്കുകൾ പ്രകാരം 2026 തുടക്കം മുതൽ മാത്രം 4.47 ലക്ഷത്തിലധികം അഫ്ഗാൻ പൗരന്മാർ പാക്കിസ്ഥാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയിട്ടുണ്ട്.
പാക്കിസ്ഥാനിൽ നിന്ന് മടങ്ങിയ അഭയാർഥികളുമായി പോയ ലോറി മറിഞ്ഞു; അഫ്ഗാനിസ്ഥാനിൽ 22 മരണം, മരിച്ചവരിൽ 12 കുട്ടികൾ
