ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ ജൂൺ 3ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4.10നാണ് ചടങ്ങുകൾ നടക്കുക. ലോക്ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. വൈകിട്ട് 5.15ന് ആണ് സത്യപ്രതിജ്ഞ. ഇതിന് മുന്നോടിയായി ഡി.കെ.ശിവകുമാറിനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി ഇന്ന് ചേർന്ന നിയമസഭാംഗങ്ങളുടെ യോഗം തിരഞ്ഞെടുത്തു.
ഡി.കെ.ശിവകുമാറിന് ഒപ്പം ജി.പരമേശ്വരയും കെ.ജെ.ജോർജും അടക്കം ഒൻപത് പേർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ആർഭാടവും ചെലവും ചുരുക്കുന്നതിന്റെ ഭാഗമായി നാമമാത്രമായ ചടങ്ങുകൾ മാത്രമേ ഉണ്ടാവുകയുള്ളെന്ന് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി.സി.ചന്ദ്രശേഖരൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെ ബംഗളൂരുവില്‍ എത്തിച്ച് സത്യപ്രതിജ്ഞ വലിയൊരു ചടങ്ങായി നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇന്ധന പ്രതിസന്ധിയും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് ആ തീരുമാനം റദ്ദാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സിദ്ധരാമയ്യയെ കോർ കമ്മിറ്റി ചെയർമാൻ ആക്കാൻ ധാരണയായി. കോർ കമ്മിറ്റിയുമായി ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും പ്രധാന തീരുമാനങ്ങൾ എടുക്കുക. സിദ്ധരാമയ്യ ഉൾപ്പെടെ 10 പേരാകും കോർ കമ്മിറ്റിയിലെ അംഗങ്ങൾ.
ഡി.കെ.ശിവകുമാറിന്റെ സത്യപ്രതിജ്ഞ ജൂൺ 3ന് ലോക്ഭവനിൽ; ആർഭാടം കുറയ്ക്കും
