പെരിയ ഇരട്ടക്കൊലപാതകം: പ്രതികൾക്ക് കൂട്ടപ്പരോൾ അനുവദിച്ചത് റദ്ദാക്കി

പെരിയ ഇരട്ടക്കൊലപാതകം: പ്രതികൾക്ക് കൂട്ടപ്പരോൾ അനുവദിച്ചത് റദ്ദാക്കി


കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികളുടെ പരോള്‍ താത്കാലികമായി തടഞ്ഞ് സംസ്ഥാന സർക്കാർ. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് വിവാദമായതിന് പിന്നാലെയാണ് നടപടി. ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രതികള്‍ക്ക് കൂട്ടപ്പരോള്‍ നല്‍കിയത് എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.

കേസിലെ ആറ് പ്രതികള്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൂട്ടപ്പരോള്‍ വിവാദമായത്. അഞ്ച് പ്രതികള്‍ മെയ് 18-നും ഒരു പ്രതി മേയ് 20-നുമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ചട്ടങ്ങള്‍ ലംഘിച്ച് എല്ലാ പ്രതികള്‍ക്കും ഒരുമിച്ച് പരോള്‍ നല്‍കി എന്നായിരുന്നു പരാതി. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് പരോള്‍ ലഭിച്ചിരിക്കുന്നത്. ഒന്നാംപ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം വീടുകളിലെത്തി. ഇരുപത് ദിവസത്തേക്കായിരുന്നു പരോള്‍.

പിണറായി വിജയൻ സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുന്‍പാണ് പ്രതികള്‍ക്ക് അനുകൂലമായ പരോള്‍ നടപടികള്‍ ഉണ്ടായത്. ഇതിനുശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ, പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് നിർദ്ദേശം.