ഇ.ഡി ഉദ്യോ​ഗസ്ഥർക്കെതിരായ ആക്രമണം: അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി, കൂടുതൽ അറസ്റ്റുണ്ടാകും

ഇ.ഡി ഉദ്യോ​ഗസ്ഥർക്കെതിരായ ആക്രമണം: അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി, കൂടുതൽ അറസ്റ്റുണ്ടാകും


തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആദ്യം പിടിയിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ എന്നിവരുടെ ജാമ്യഹർജികളാണ് നിരസിച്ചത്. ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ ആക്രമണം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.

കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികൾക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കടുത്ത വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എന്നാൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. സംഭവം നടക്കുമ്പോൾ ഉദ്യോ​ഗസ്ഥർ ഡ്യൂട്ടിയിലായിരുന്നില്ലെന്നും ആക്രമിക്കപ്പെട്ട വാഹനം ഇ.ഡിയുടേത് ആയിരുന്നില്ലെന്നും വാദിഭാ​ഗം ചൂണ്ടിക്കാട്ടി. 

ഇ.ഡി. ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയതാണ്. റെയ്ഡ് കഴിഞ്ഞ് തിരികെ ഓഫീസിൽ എത്തുന്നത് വരെ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ തന്നെയാണ്. അതിനാൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റമടക്കം നിലനിൽക്കും. മാത്രമല്ല, ഒരു വാഹനം വാടകയ്‌ക്കെടുത്താലും അത് ഔദ്യോഗിക വാഹനമായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

അതേസമയം കേസിൽ ആറ്റുകാൽ മുൻ കൗൺസിലർ ഉണ്ണികൃഷ്ണൻ ഉൾപ്പെടെ ആറ് പ്രതികൾ കൂടി കഴിഞ്ഞരാത്രി അറസ്റ്റിലായതോടെ കേസിൽ പിടിയിലായവരുടെ ആകെ എണ്ണം 25 ആയി. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് മുൻപ് തന്നെ കുറ്റപത്രം സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിക്ക് നിർദേശം നൽകി.