വിധി മാറ്റിവെച്ചാല്‍ മൂന്ന് മാസത്തിനകം പ്രഖ്യാപിക്കണം; ഹൈക്കോടതികള്‍ക്ക് സുപ്രിം കോടതി നിര്‍ദേശം

വിധി മാറ്റിവെച്ചാല്‍ മൂന്ന് മാസത്തിനകം പ്രഖ്യാപിക്കണം; ഹൈക്കോടതികള്‍ക്ക് സുപ്രിം കോടതി നിര്‍ദേശം


ന്യൂഡല്‍ഹി: വിധി പറയുന്നത് മാറ്റിവെച്ച കേസുകളില്‍ മൂന്ന് മാസത്തിനകം വിധി പ്രഖ്യാപിക്കണമെന്ന് രാജ്യത്തെ എല്ലാ ഹൈക്കോടതികള്‍ക്കും സുപ്രിം കോടതി നിര്‍ദേശം നല്‍കി. കേസുകളില്‍ വിധി പ്രസ്താവിക്കുന്നത് വൈകുന്നത് ഹര്‍ജിക്കാര്‍ക്ക് പരിഹരിക്കാനാവാത്ത നഷ്ടം ഉണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും ഉള്‍പ്പെട്ട ബെഞ്ചാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ അതിവേഗ തീരുമാനങ്ങള്‍ അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.

ജാമ്യാപേക്ഷകളില്‍ സാധ്യമായിടത്തോളം അതേ ദിവസം തന്നെ ഉത്തരവ് പുറപ്പെടുവിക്കണമെന്നും വിധി മാറ്റിവെക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അടുത്ത ദിവസം തന്നെ അത് പ്രഖ്യാപിച്ച് കോടതിയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.

ഇതോടൊപ്പം ജാമ്യം അനുവദിക്കുന്നതോ ശിക്ഷ താത്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതോ ആയ ഉത്തരവുകള്‍ പ്രഖ്യാപിച്ച ഉടന്‍ തന്നെ ജയില്‍ അധികൃതരെ അറിയിക്കണമെന്നും കോടതി പറഞ്ഞു. വിചാരണ തടവുകാരെയോ ശിക്ഷ അനുഭവിക്കുന്നവരെയോ മോചിപ്പിക്കാന്‍ ഉത്തരവുണ്ടെങ്കില്‍ സാധ്യമായിടത്തോളം അതേ ദിവസം തന്നെ അല്ലെങ്കില്‍ പരമാവധി അടുത്ത ദിവസം മോചനം ഉറപ്പാക്കണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.

നീതിന്യായ നടപടികളിലെ കാലതാമസം കുറയ്ക്കുകയും വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ വേഗത്തില്‍ ആശ്വാസം ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രിം കോടതിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.