വാഷിംഗ്ടൺ: ആകാശമാർഗ ഭീഷണികളെ ബഹിരാകാശത്തിൽ നിന്ന് കണ്ടെത്താനും നിരീക്ഷിക്കാനുമായി സ്‌പേസ്എക്‌സ് കമ്പനിക്ക് അമേരിക്കൻ സൈന്യത്തിന്റെ ബഹിരാകാശ വിഭാഗമായ യുഎസ് സ്‌പേസ് ഫോഴ്‌സ് , 4.16 ബില്യൺ ഡോളറിന്റെ വമ്പൻ കരാർ നൽകി. എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ്എക്‌സിന് ലഭിക്കുന്ന പുതിയ പ്രതിരോധ കരാറാണിത്.
'സ്‌പേസ്‌ബേസ്ഡ് അഡ്വാൻസ്ഡ് മൂവിങ് ടാർഗറ്റ് ഇൻഡിക്കേറ്റർ' (SB-AMTI) എന്ന പദ്ധതിയുടെ ഭാഗമായാണ് കരാർ. ബഹിരാകാശ ഉപഗ്രഹങ്ങൾ, സുരക്ഷിത ആശയവിനിമയ സംവിധാനം, ഭൂതല നിരീക്ഷണ ശൃംഖല എന്നിവ സംയോജിപ്പിച്ചുള്ള സംവിധാനമായിരിക്കും ഇത്. വ്യോമ ഭീഷണികളും സൈനിക നീക്കങ്ങളും അതിവേഗം തിരിച്ചറിയാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് അമേരിക്കൻ സൈന്യത്തിന്റെ വിലയിരുത്തൽ.
2028 ഓടെ ഉപഗ്രഹങ്ങളുടെ പ്രത്യേക ശൃംഖല വിന്യസിക്കാനാണ് പദ്ധതി. ഇതിലൂടെ സൈനിക നിരീക്ഷണത്തിലെ 'ബ്ലൈൻഡ് സ്‌പോട്ടുകൾ' ഇല്ലാതാക്കാനാകുമെന്നും സ്‌പേസ് ഫോഴ്‌സ് വ്യക്തമാക്കി. വിവിധ കമ്പനികൾ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെങ്കിലും, പ്രധാന കരാറുകളിൽ ഒന്നാണ് സ്‌പേസ്എക്‌സിന് ലഭിച്ചിരിക്കുന്നത്.
ഈ മാസം ആദ്യം തന്നെ ഓഹരി വിപണിയിൽ പ്രവേശിക്കാനുള്ള പദ്ധതിയും സ്‌പേസ്എക്‌സ് പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ മൂല്യം 1.75 ട്രില്യൺ ഡോളറിന് മുകളിലെത്താമെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ, ലോകമെമ്പാടുമുള്ള സൈനിക സെൻസറുകളെയും ആയുധ സംവിധാനങ്ങളെയും ബന്ധിപ്പിക്കുന്ന അതിവേഗ സുരക്ഷിത ഉപഗ്രഹ ആശയവിനിമയ ശൃംഖല നിർമ്മിക്കാൻ അമേരിക്കൻ സ്‌പേസ് ഫോഴ്‌സ് ഈ ആഴ്ച 2.29 ബില്യൺ ഡോളറിന്റെ മറ്റൊരു കരാറും സ്‌പേസ്എക്‌സിന് നൽകിയിരുന്നു.
ബഹിരാകാശ നിരീക്ഷണ പദ്ധതിക്ക് സ്‌പേസ്എക്‌സിന് 4.16 ബില്യൺ ഡോളറിന്റെ കരാർ
