എപ്സ്റ്റീൻ കേസ് രേഖകൾ: മുൻ അറ്റോർണി ജനറൽ പാം ബോണ്ടി കോൺഗ്രസ് സമിതിക്ക് മുന്നിൽ

എപ്സ്റ്റീൻ കേസ് രേഖകൾ: മുൻ അറ്റോർണി ജനറൽ പാം ബോണ്ടി കോൺഗ്രസ് സമിതിക്ക് മുന്നിൽ


വാഷിംഗ്ടൺ: അമേരിക്കയെ നടുക്കിയ ജെഫ്രി എപ്സ്റ്റീൻ ലൈംഗിക ചൂഷണക്കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടതിനെ ചൊല്ലിയുള്ള വിവാദത്തിൽ മുൻ യു.എസ്. അറ്റോർണി ജനറൽ പാം ബോണ്ടി കോൺഗ്രസ് സമിതിക്ക് മുമ്പാകെ മൊഴിനൽകി. റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വം നൽകുന്ന ഹൗസ് മേൽനോട്ട സമിതിയുടെ  രഹസ്യ യോഗത്തിലായിരുന്നു പാംബോണ്ടി ഹാജരായത്.

എപ്സ്റ്റീൻ കേസിലെ എല്ലാ രേഖകളും പുറത്തുവിട്ടിട്ടില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സമിതി ബോണ്ടിയോട് വിശദീകരണം തേടിയത്. 'ഇനിയും പുറത്തുവിടാത്ത രേഖകൾ എന്തൊക്കെയാണെന്നും അവ എന്തുകൊണ്ടാണ് മറച്ചുവച്ചിരിക്കുന്നതെന്നും അറിയണം,' എന്ന് സമിതി അധ്യക്ഷൻ ജെയിംസ് കോമർ മാധ്യമങ്ങളോട് പറഞ്ഞു.

ബോണ്ടിയുടെ കാലത്ത് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് 30 ലക്ഷത്തിലേറെ പേജുകൾ പുറത്തുവിട്ടിരുന്നെങ്കിലും ചില നിർണായക വിവരങ്ങൾ മറച്ചുവച്ചെന്ന വിമർശനം ശക്തമായിരുന്നു. ഇരകളുടെ സ്വകാര്യതയും തുടരുന്ന അന്വേഷണങ്ങളും സംരക്ഷിക്കാനാണിതെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും, പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സംരക്ഷിക്കാനാണ് ചില രേഖകൾ തടഞ്ഞുവച്ചതെന്നാണ് ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കൻ നേതാക്കളും ആരോപിക്കുന്നത്.

ട്രംപും എപ്സ്റ്റീനും 1990കളിലും 2000കളുടെ തുടക്കത്തിലും അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന വിവരങ്ങൾ മുമ്പ് പുറത്തുവന്നിരുന്നു. എന്നാൽ,  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2008ൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ എപ്സ്റ്റീൻ കുറ്റസമ്മതം നടത്തുന്നതിന് മുൻപേ തന്നെ അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നാണ് ട്രംപിന്റെ നിലപാട്.

2019ൽ വീണ്ടും അറസ്റ്റിലായ ജെഫ്രി എപ്സ്റ്റീൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ഗുരുതര കുറ്റങ്ങൾ നേരിടുന്നതിനിടെയാണ് ജയിലിൽ മരിച്ചത്. മരണം ആത്മഹത്യയാണെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.

എപ്സ്റ്റീൻ ഫയലുകളിൽ ട്രംപിനൊപ്പം മുൻ പ്രസിഡന്റ് ബിൽക്ലിന്റൺ, ബ്രിട്ടീഷ് രാജകുടുംബാംഗമായ പ്രിൻസ് ആൻഡ്രൂ എന്നിവരുമായി എപ്സ്റ്റീൻ പുലർത്തിയ ബന്ധങ്ങളും പരാമർശിക്കപ്പെട്ടിരുന്നു. എന്നാൽ എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് ഇവരുടെ വിശദീകരണം.

അതേസമയം, യോഗവും മൊഴിയെടുപ്പും പരസ്യമായി രേഖപ്പെടുത്താത്തതിനെതിരെ ഡെമോക്രാറ്റ് അംഗമായ റോബർട്ട് ഗാർസിയ പ്രതിഷേധിച്ചു. എപ്സ്റ്റീൻ കേസിലെ ചില ഇരകളുടെ സ്വകാര്യ വിവരങ്ങളും നഗ്‌നചിത്രങ്ങളും പുറത്തുവന്നത് അപകടകരമാണെന്നും അദ്ദേഹം ആരോപിച്ചു.

എപ്സ്റ്റീന്റെ അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ട ഒരാളായ ചാർലിൻ റിച്ചാർഡും ബോണ്ടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. 'ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് തന്നെ നഗ്‌നചിത്രങ്ങളും അശ്ലീല വിവരങ്ങളും പുറത്തുവിട്ടത് അംഗീകരിക്കാനാകാത്ത കാര്യമാണ്,' എന്ന് അവർ പ്രതികരിച്ചു.