അമേരിക്കയുമായി 'പുതിയ കൂട്ടുകെട്ട്' വേണം; ട്രംപിനെയും പുകഴ്ത്തി കാനഡ പ്രധാനമന്ത്രി കാർണി

അമേരിക്കയുമായി 'പുതിയ കൂട്ടുകെട്ട്' വേണം; ട്രംപിനെയും പുകഴ്ത്തി കാനഡ പ്രധാനമന്ത്രി കാർണി


ന്യൂയോർക്ക് : ആഗോള രാഷ്ട്രീയസാമ്പത്തിക സാഹചര്യങ്ങൾ വലിയ മാറ്റത്തിലൂടെ കടന്നുപോകുന്ന സമയമാണിതെന്നും അമേരിക്കയുമായി പുതിയ രീതിയിലുള്ള പങ്കാളിത്തം ആവശ്യമാണ് എന്നും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. ന്യൂയോർക്കിൽ നടത്തിയ പ്രസംഗത്തിലാണ് കാർണി അമേരിക്കയുമായുള്ള ബന്ധത്തെക്കുറിച്ച് പുതിയ നിലപാട് വ്യക്തമാക്കിയത്.

'അമേരിക്ക വീണ്ടും മഹത്തായ രാജ്യമാകാൻ കാനഡയും സഹകരിക്കാൻ തയ്യാറാണ്' എന്നായിരുന്നു കാർണിയുടെ പരാമർശം. അലുമിനിയം, വാഹനനിർമാണം, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ കാനഡഅമേരിക്ക സഹകരണം ഇരുരാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയുമായുള്ള വ്യാപാര യുദ്ധം ശക്തമാകുന്ന സാഹചര്യത്തിലാണ് കാർണിയുടെ പ്രസംഗം. അമേരിക്ക കാനഡയെ 51ാമത്തെ സംസ്ഥാനമാക്കുമെന്ന തരത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുമ്പ് നടത്തിയ പരാമർശങ്ങൾ കടുത്ത വിവാദമായിരുന്നു. അതിനു പിന്നാലെ അമേരിക്കയോട് അമിത ആശ്രയം പുലർത്തിയത് കാനഡയുടെ ദൗർബല്യമാണെന്നും അത് തിരുത്തേണ്ടതുണ്ടെന്നും കാർണി തുറന്നുപറഞ്ഞിരുന്നു.

അതേസമയം, അമേരിക്കയെ ശക്തമായും സൃഷ്ടിപരമായും ലോകത്തെ നയിക്കുന്ന രാജ്യമെന്നാണ്  ന്യൂയോർക്കിലെ പ്രസംഗത്തിൽ കാർണി വിശേഷിപ്പിച്ചത്. 'സ്വാതന്ത്ര്യം, ജനാധിപത്യം, നീതി തുടങ്ങിയ അമേരിക്കയുടെ അടിസ്ഥാന മൂല്യങ്ങൾ ലോകത്തിനും വഴികാട്ടിയായി തുടരണമെന്ന്' അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള ബന്ധത്തെയും കാർണി പരാമർശിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ആദ്യനീക്കങ്ങൾ നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള സാമ്പത്തിക സംവിധാനത്തിൽ ചൈന കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കാർണി അഭിപ്രായപ്പെട്ടു.

അമേരിക്കൻ കമ്പനികളിൽ നിന്നുള്ള ആശ്രയം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്വീഡനിൽ നിന്ന് യുദ്ധവിമാനങ്ങൾ വാങ്ങാൻ കാനഡ തീരുമാനിച്ചതും അടുത്തിടെയാണ്.