വാഷിംഗ്ടൺ: അമേരിക്കയിലെ മിനസോട്ട സംസ്ഥാനത്ത് വെനസ്വേലൻ പൗരനെ വെടിവെച്ച് പരുക്കേൽപ്പിച്ച കേസിൽ യു.എസ്. കുടിയേറ്റ ഏജന്റ് ടെക്‌സസിൽ അറസ്റ്റിലായി. യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിലെ (ICE) ഉദ്യോഗസ്ഥനായ ക്രിസ്റ്റിയൻ കാസ്‌ട്രോ ആണ് പിടിയിലായത്.
ജനുവരി 14ന് മിനിയാപ്പൊളിസിൽ നടന്ന സംഭവത്തിൽ വെനസ്വേലൻ പൗരനായ ജൂലിയോ സീസർ സോസ സെലിസിന്റെ കാലിൽ വെടിയേറ്റിരുന്നു. കേസിൽ കാസ്‌ട്രോയ്‌ക്കെതിരെ നാല് ഗുരുതര ആക്രമണക്കുറ്റങ്ങളും വ്യാജപരാതി നൽകിയതിനുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നടന്ന ശക്തമായ നാടുകടത്തൽ നടപടികളുടെ ഭാഗമായ 'ഓപ്പറേഷൻ മെട്രോ സർജ്' സമയത്തായിരുന്നു സംഭവം. മിനസോട്ടയിലെ പ്രധാന നഗരങ്ങളിൽ നൂറുകണക്കിന് ആയുധധാരികളായ ഫെഡറൽ ഏജന്റുമാർ കുടിയേറ്റക്കാരെ തേടി തെരുവുകളിൽ വ്യാപക പരിശോധന നടത്തിയിരുന്നു.
മിനസോട്ട ബ്യൂറോ ഓഫ് ക്രിമിനൽ അപ്രിഹെൻഷൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാസ്‌ട്രോയെ ടെക്‌സസിൽ കണ്ടെത്തിയത്. ടെക്‌സസ് റേഞ്ചേഴ്‌സും ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗവും ചേർന്നാണ് അറസ്റ്റ് നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ വലിയ രാഷ്ട്രീയ വിവാദവും ഉയർന്നിരുന്നു. തുടക്കത്തിൽ വെടിവെപ്പിനെ ന്യായീകരിച്ച ഫെഡറൽ അധികൃതർ പിന്നീട് സംഭവവിവരണം പിൻവലിക്കുകയും, ഉദ്യോഗസ്ഥർ തെറ്റായ മൊഴി നൽകിയെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. തുടർന്ന് സോസസെലിസിനെതിരായ കേസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഒഴിവാക്കി.
ഇതിനിടെ, ജനുവരിയിൽ തന്നെ മിനിയാപ്പൊളിസിൽ രണ്ട് അമേരിക്കൻ പൗരന്മാർ കൂടി കുടിയേറ്റ ഏജന്റുമാരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. ആ കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാന പ്രോസിക്യൂട്ടർമാർ ഫെഡറൽ ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് കേസ് എടുക്കുന്നത് അമേരിക്കയിൽ അപൂർവമായതിനാൽ കേസിന് ദേശീയ ശ്രദ്ധ ലഭിച്ചിട്ടുണ്ട്.
അതേസമയം, കാസ്‌ട്രോയ്‌ക്കെതിരായ കേസ് 'രാഷ്ട്രീയ നാടകം'' എന്നായിരുന്നു ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ മുൻ പ്രതികരണം. കേസിൽ കൂടുതൽ നടപടികൾക്കായി അന്വേഷണം തുടരുകയാണ്.
മിനിയാപ്പൊളിസ് വെടിവെപ്പ് കേസ്: യു.എസ്. കുടിയേറ്റ ഏജന്റ് ടെക്‌സസിൽ അറസ്റ്റിൽ
