ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടുന്നതും ആണവപരിപാടിയെ കുറിച്ചുള്ള ധാരണാപത്രവും സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം എടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ 'സിറ്റുവേഷൻ റൂമിൽ' ഉന്നതതല ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുകയെന്ന് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്ക് ഉടൻ തുറന്ന് കപ്പൽഗതാഗതം പുനരാരംഭിക്കണമെന്നും, ഇറാൻ ആണവായുധ ശേഷി പൂർണമായി ഉപേക്ഷിക്കണമെന്നും ട്രംപ് നിബന്ധനയായി മന്നോട്ടുവച്ചു.
ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച സൈനിക നീക്കങ്ങൾക്കു പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ എണ്ണവാതക ഗതാഗതം തടസ്സപ്പെട്ടതോടെ ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഉയർന്നു. ഇപ്പോഴുള്ള താൽക്കാലിക വെടിനിർത്തൽ 60 ദിവസം കൂടി നീട്ടാനുള്ള ധാരണയിൽ ഇരുപക്ഷവും എത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അന്തിമ അനുമതി ട്രംപിന്റെ ഭാഗത്തുനിന്ന് ലഭിക്കാനുണ്ട്.
'ഇറാൻ ഒരിക്കലും ആണവ ബോംബ് നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം. ഹോർമുസ് കടലിടുക്ക് ഒരു നിയന്ത്രണവുമില്ലാതെ തുറന്നിരിക്കണം,' എന്നാണ് ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്. കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യുമെന്നും കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് മടങ്ങാനാകുമെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ട്രംപിന്റെ പരാമർശങ്ങളിൽ 'സത്യവും അസത്യവും കലർന്നിട്ടുണ്ട്' എന്നാണ് ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് പ്രതികരിച്ചത്. അമേരിക്ക ഇറാനിയൻ കപ്പലുകൾക്കെതിരായ ഉപരോധം പിൻവലിച്ചാൽ മാത്രമേ ഹോർമുസ് പൂർണമായി തുറക്കുകയുള്ളുവെന്നും, അത് ഇറാന്റെ നിബന്ധനകളോടെയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കരാറിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച 12 ബില്യൺ ഡോളർ ആസ്തി വിട്ടുനൽകുന്ന കാര്യത്തിലും ധാരണയുണ്ടായെന്ന സൂചനകളുണ്ട്. എന്നാൽ ആണവ വസ്തുക്കൾ നശിപ്പിക്കുന്ന വ്യവസ്ഥ ധാരണാപത്രത്തിലില്ലെന്നും ഫാർസ് റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, ആയുധ നിലവാരത്തിനടുത്ത് സമ്പുഷ്ടമാക്കിയ യൂറേനിയം ശേഖരം കൈമാറാൻ കസാഖ്സ്ഥാൻ തയ്യാറാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മേധാവി റാഫോൽ ഗ്രോസി വ്യക്തമാക്കി. ആണവ കരാർ യാഥാർഥ്യമായാൽ ഈ നീക്കം നടപ്പാകാനിടയുണ്ടെന്നാണ് സൂചന.
പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ധറും വാഷിംഗ്ടണിലെത്തി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥ രാജ്യങ്ങളിലൂടെ നയതന്ത്ര നീക്കങ്ങൾ ശക്തമായിരിക്കുകയാണ്.
ഇസ്രായേലിന്റെ ലെബനൻ ആക്രമണവും സംഘർഷം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. ഹിസ്‌ബൊല്ലയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം, സ്വന്തം സൈനികരും സാധാരണ പൗരന്മാരും കൊല്ലപ്പെട്ടതായി ഇസ്രായേലും അറിയിച്ചു.
ഹോർമുസ് തുറക്കണം; ഇറാനുമായി കരാറിൽ ഇന്ന് അന്തിമതീരുമാനം എടുക്കുമെന്ന് ട്രംപ്
