ഒട്ടാവ: കാനഡയിലുടനീളം ആക്രമണങ്ങൾ നടത്താൻ 1,000 പേർ സജ്ജമാണെന്ന ഭീഷണിയുമായി ഇന്ത്യ ആസ്ഥാനമായ ലോറൻസ് ബിഷ്‌ണോയ് ഗുണ്ടാ സംഘം രംഗത്തെത്തിയതായി കോടതിയിൽ വെളിപ്പെടുത്തൽ. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ അബ്ബോട്‌സ്‌ഫോർഡ് പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ വർഷം അയച്ച കത്തിലാണ് ഈ ഭീഷണിയുണ്ടായതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.
കാനഡയിൽ ഭീഷണിപ്പിരിവും സംഘടിത കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തൽ. 'നികുതി' എന്ന പേരിൽ ദക്ഷിണേഷ്യൻ വ്യവസായികളിൽ നിന്ന് പണം ഈടാക്കുകയാണെന്നും, പണം നൽകാത്തവർക്ക് നേരെ വെടിവെപ്പും ആക്രമണവും ഉണ്ടാകുമെന്നും കത്തിൽ പരാമർശിച്ചിരുന്നതായി കോൺസ്റ്റബിൾ കെവിൻ സെന്റ് ലൂയിസ് മൊഴിനൽകി.
'സംഘടനയ്ക്ക് വേണ്ടി വെടിവെപ്പുകൾ നടത്താൻ തയ്യാറായ ആയിരത്തിലേറെ ആളുകൾ ഉണ്ടെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു,' അദ്ദേഹം പറഞ്ഞു. പണം പിടിച്ചുപറിക്കലാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
കത്തിന്റെ ഉറവിടവും പിന്നിലുള്ള ശൃംഖലയും കാനഡയിലെ പൊലീസ് സംഘങ്ങൾ അന്വേഷിച്ചുവരികയാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീഷണിപ്പിരിവ് കേസുകൾ അടുത്തിടെ വർധിച്ചതോടെ സുരക്ഷാ ഏജൻസികൾ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.
ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെയും താൽക്കാലിക തൊഴിലാളികളെയും ചെറിയ തുക നൽകി ആക്രമണങ്ങൾക്കും വെടിവെപ്പുകൾക്കും ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും പൊലീസ് വെളിപ്പെടുത്തി. സമൂഹത്തിൽ അംഗീകാരവും സംഘബോധവും തേടുന്ന യുവാക്കളെയാണ് ഗ്യാങ് ലക്ഷ്യമിടുന്നതെന്നും, പലരെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി സ്വാധീനിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് ഭീഷണിപ്പിരിവ് കൂടുതലായും നടക്കുന്നത്. സംഘനേതാവായ ലോറൻസ് ബിഷ്‌ണോയിയടേയും മുൻ കൂട്ടാളി ഗോൾഡി ബ്രാറിന്റേയും പേരുകൾ ഉപയോഗിച്ചാണ് പണം ആവശ്യപ്പെടുന്നതെന്നും പൊലീസ് വ്യക്തമാക്കി.
2015 മുതൽ ഇന്ത്യയിൽ ജയിലിൽ കഴിയുന്നുവെങ്കിലും, കൂട്ടാളികളുടെയും രഹസ്യ ആശയവിനിമയ സംവിധാനങ്ങളുടെയും സഹായത്തോടെ ലോറൻസ് ബിഷ്‌ണോയ് ഇപ്പോഴും സംഘത്തെ നിയന്ത്രിക്കുന്നുവെന്നാണ് ഇന്ത്യൻ ഏജൻസികളുടെ ആരോപണം. ഭീഷണിപ്പിരിവ്, കൊലപാതകം, ആയുധമയക്കുമരുന്ന് കടത്ത് തുടങ്ങി നിരവധി കേസുകളിൽ സംഘത്തിന് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലാ കൊല്ലപ്പെട്ട കേസിലും സംഘത്തിന്റെ പേര് ഉയർന്നിരുന്നു.
കാനഡയിൽ ആക്രമണത്തിന് 1,000 തോക്കുധാരികൾ സജ്ജമെന്ന് ഇന്ത്യൻ ഗ്യാങ്ങിന്റെ ഭീഷണി; സുരക്ഷാ ആശങ്ക ശക്തം
