കെനഡി സെന്ററിൽ നിന്ന് ട്രംപിന്റെ പേര് നീക്കാൻ കോടതി ഉത്തരവ്

കെനഡി സെന്ററിൽ നിന്ന് ട്രംപിന്റെ പേര് നീക്കാൻ കോടതി ഉത്തരവ്


അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് ജോൺ എഫ് കെനഡി സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ നിന്ന് നീക്കാൻ ഫെഡറൽ കോടതിയുടെ ഇടക്കാല ഉത്തരവ്. കെനഡി സെന്ററിന്റെ പേരുമാറ്റം നിയമവിരുദ്ധമാണെന്ന ഹർജിയിൽ പ്രാഥമിക വാദം കേട്ട ശേഷമാണ് കോടതി നടപടി.

കെനഡി സെന്ററിന് ട്രംപിന്റെ പേര് നൽകാൻ ബോർഡ് എടുത്ത തീരുമാനം ചോദ്യം ചെയ്ത് ഒഹായോയിൽ നിന്നുള്ള ഡെമോക്രാറ്റ് പ്രതിനിധി ജോയ്‌സി ബീറ്റി  നൽകിയ ഹർജിയിലാണ് കോടതി ഇടപെട്ടത്. കോൺഗ്രസിന്റെ അനുമതിയില്ലാതെ ദേശീയ കലാസാംസ്‌കാരിക സ്ഥാപനത്തിന്റെ പേര് മാറ്റാനാകില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കേസിൽ മുൻപ് വാദം കേട്ട ഫെഡറൽ ജഡ്ജി ക്രിസ്റ്റഫർ കൂപ്പർ, ബോർഡ് നടപടികളിൽ മതിയായ ചർച്ചകളും നിയമപരമായ നടപടിക്രമങ്ങളും പാലിച്ചോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ട്രംപിന്റെ പേര് താൽക്കാലികമായി ഒഴിവാക്കാൻ കോടതി നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്.

ട്രംപ് ബോർഡ് ചെയർമാനായതിനു പിന്നാലെ കെനഡി സെന്ററിന്റെ വെബ്‌സൈറ്റിലും കെട്ടിടത്തിന്റെ മുൻഭാഗത്തും അദ്ദേഹത്തിന്റെ പേര് സ്ഥാപിച്ചിരുന്നു. നവീകരണത്തിന്റെ പേരിൽ കേന്ദ്രം രണ്ട് വർഷത്തേക്ക് അടച്ചിടാനുള്ള പദ്ധതിയും വിവാദമായിരുന്നു.

അതേസമയം, ട്രംപിന്റെ പേര് നീക്കിയാൽ സ്ഥാപനത്തിന് വലിയ സാമ്പത്തിക തിരിച്ചടിയുണ്ടാകുമെന്ന് കെനഡി സെന്റർ അധികൃതർ കോടതിയെ അറിയിച്ചിരുന്നു. ട്രംപിന്റെ സ്വാധീനത്തിലൂടെയാണ് കോടിക്കണക്കിന് ഡോളർ സംഭാവന ലഭിച്ചതെന്നും, പേര് നീക്കിയാൽ ധനശേഖരണത്തിന് തിരിച്ചടിയാകുമെന്നും അവർ വാദിച്ചു.

സംഭവം അമേരിക്കൻ രാഷ്ട്രീയത്തിലും സാംസ്‌കാരിക മേഖലകളിലും പുതിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.