ഷിക്കാഗോ: അമേരിക്കന്‍ ഫുട്‌ബോള്‍ ടീമായ ഷിക്കാഗോ ബെയേഴ്‌സ് അടുത്ത വര്‍ഷങ്ങളില്‍ ഹോം മത്സരങ്ങള്‍ ഷിക്കാഗോ നഗരത്തിന് പുറത്തേക്ക് മാറ്റാന്‍ ഒരുങ്ങുന്നതായി സൂചന. പുതിയ സ്റ്റേഡിയത്തിനായുള്ള സ്ഥലാന്വേഷണത്തിന്റെ ഭാഗമായി ഷിക്കാഗോ നഗരം ഇനി പരിഗണനയിലില്ലെന്ന് ടീം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
നിലവില്‍, ഷിക്കാഗോ നഗരത്തില്‍ നിന്ന് ഏകദേശം 30 മൈല്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആര്‍ലിങ്ടണ്‍ ഹൈറ്റ്സും നഗരത്തില്‍ നിന്ന് 25 മൈല്‍ തെക്കുള്ള ഇന്‍ഡ്യാനയിലെ ഹാമണ്ടും മാത്രമാണ് പ്രധാന പരിഗണനയിലുള്ളതെന്ന് ടീം അറിയിച്ചു.
2021-ല്‍ ആര്‍ലിങ്ടണ്‍ ഇന്റര്‍നാഷണല്‍ റേസ്‌കോഴ്‌സ് ബെയേഴ്‌സ് സ്വന്തമാക്കിയതോടെ ടീം ഷിക്കാഗോ നഗരത്തില്‍ നിന്ന് പ്രാന്തപ്രദേശങ്ങളിലേക്ക് മാറാന്‍ ആലോചിക്കുന്നതായി വ്യക്തമായിരുന്നു. നഗരത്തില്‍ തന്നെ തടാക തീരത്ത് മേല്‍ക്കൂരയുള്ള (ഡോംഡ്) പുതിയ സ്റ്റേഡിയം നിര്‍മിക്കാനുള്ള നിര്‍ദേശം ടീം മുമ്പ് മുന്നോട്ടുവെച്ചിരുന്നെങ്കിലും പുതിയ പ്രസ്താവനയിലൂടെ ആ സാധ്യതയും ഏറെക്കുറെ അവസാനിപ്പിച്ചിരിക്കുകയാണ്.
അതേസമയം, അടുത്തിടെയായി ബെയേഴ്‌സ് പ്രതിനിധികള്‍ നഗര ഭരണകൂടവുമായി തടാക തീര സ്റ്റേഡിയം പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടത്തിയതായി ഷിക്കാഗോ മേയര്‍ ബ്രാന്‍ഡണ്‍ ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായ നിലപാടാണ് ടീമിന്റെ പുതിയ പ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്നത്.
ആര്‍ലിങ്ടണ്‍ ഹൈറ്റ്സിലേക്കുള്ള നീക്കത്തിനിടെ ഇന്‍ഡ്യാന സംസ്ഥാനവും ബെയേഴ്‌സിനെ ആകര്‍ഷിക്കാന്‍ രംഗത്തെത്തി. കഴിഞ്ഞ ഡിസംബറില്‍ ടീം പ്രസിഡന്റ് കെവിന്‍ വാറന്‍ സീസണ്‍ ടിക്കറ്റ് ഉടമകള്‍ക്ക് അയച്ച കത്തില്‍ ഇന്‍ഡ്യാനയിലേക്കുള്ള സാധ്യത പരാമര്‍ശിച്ചിരുന്നു. അതിനുശേഷം ഇന്‍ഡ്യാന നിയമനിര്‍മാതാക്കളുമായി ടീം നിരന്തരം ചര്‍ച്ചകള്‍ തുടരുകയാണ്.
2030-ഓടെ പുതിയ ഡോംഡ് സ്റ്റേഡിയം പ്രവര്‍ത്തനം ആരംഭിക്കാനാണ് ബെയേഴ്‌സിന്റെ ലക്ഷ്യം. അതിനാല്‍ തന്നെ സ്റ്റേഡിയം സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ കൈക്കൊള്ളേണ്ട സാഹചര്യമാണുള്ളത്.
ഇതിനിടെ, പുതിയ സ്റ്റേഡിയം പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇല്ലിനോയി സംസ്ഥാന ബജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ടു തുടരുകയാണ്. മെയ് 31-നകം ബജറ്റ് സംബന്ധിച്ച് ധാരണയിലെത്തേണ്ടതുണ്ടെന്നും അതിന് ശേഷം നിയമസഭ സമ്മേളനം പിരിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുതിയ ബജറ്റ് പാസാകുന്ന സാഹചര്യത്തില്‍ ബെയേഴ്‌സ് ഇല്ലിനോയിയില്‍ തന്നെ തുടരുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രോത്സാഹനങ്ങളോ മറ്റ് ആനുകൂല്യങ്ങളോ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും ശക്തമാണ്.
