അതിവേഗ റെയില്‍ പാത; ഇ ശ്രീധരനും മുഖ്യമന്ത്രി വി ഡി സതീശനും കൂടിക്കാഴ്ച നടത്തി

അതിവേഗ റെയില്‍ പാത; ഇ ശ്രീധരനും മുഖ്യമന്ത്രി വി ഡി സതീശനും കൂടിക്കാഴ്ച നടത്തി


തിരുവനന്തപുരം: കേരളത്തിലെ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ ശ്രീധരന്‍ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാത സംബന്ധിച്ച കരട് റിപ്പോര്‍ട്ട് ശ്രീധരന്‍ കൈമാറി.

പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന കെ- റെയില്‍ സില്‍വര്‍ ലൈനിന് ബദലായി ഇ ശ്രീധരന്‍ മുന്നോട്ടുവച്ചതാണ് അതിവേഗ റെയില്‍പാത. ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നിലവിലുള്ള റെയില്‍ പാതകളുമായി കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്നതും ബ്രോഡ്ഗേജ് അടിസ്ഥാനമാക്കിയുള്ളതുമായ ഈ പദ്ധതിക്ക് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയാണ് വിഭാവനം ചെയ്യുന്നത്.

വിശദമായ പദ്ധതി രേഖയുടെ (ഡി പി ആര്‍) 70 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സൂചന. നിലവിലെ പദ്ധതികളെ അപേക്ഷിച്ച് ഈ ബദല്‍ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ വളരെ കുറച്ചുമാത്രം മതി എന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് അനുകൂല സമീപനം ഉണ്ടായതെന്നാണ് സൂചന.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് പിന്നിടാന്‍ സാധിക്കുന്ന ബദല്‍ പാതയാണ് ശ്രീധരന്‍ മുന്നോട്ടുവയ്ക്കുന്നത്. 4 വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന പാതയുടെ ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയായും നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗം. 86,000 കോടി മുതല്‍ ഒരു ലക്ഷം കോടി വരെയാണ് ചെലവ്.

പൊന്നാനി എം എല്‍ എ കെ പി നൗഷാദ് അലിയും പങ്കെടുത്ത ചര്‍ച്ചയ്ക്ക് ശേഷം വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്. ഈ പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇ ശ്രീധരന്‍ നേരത്തെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.