ട്രംപിന്റെ 10 ബില്യന്‍ നഷ്ടപരിഹാരക്കേസ് ഫെഡറല്‍ കോടതി വീണ്ടും തുറന്നു

ട്രംപിന്റെ 10 ബില്യന്‍ നഷ്ടപരിഹാരക്കേസ് ഫെഡറല്‍ കോടതി വീണ്ടും തുറന്നു


മിയാമി: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആഭ്യന്തര നികുതി വകുപ്പായ ഇന്റേണല്‍ റവന്യൂ സര്‍വീസിനെതിരെ (ഐ ആര്‍ എസ്) നല്‍കിയ 10 ബില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാരക്കേസ് ഫെഡറല്‍ കോടതി വീണ്ടും തുറന്നു. കഴിഞ്ഞ ആഴ്ച സ്വമേധയാ പിന്‍വലിച്ച കേസാണ് മിയാമിയിലെ ഫെഡറല്‍ ജഡ്ജി കാത്‌ലീന്‍ എം വില്ല്യംസ് വീണ്ടും പരിഗണനയ്‌ക്കെടുത്തത്.

കേസിലെ ഒത്തുതീര്‍പ്പ് നടപടികള്‍ വഞ്ചനയെ അടിസ്ഥാനമാക്കിയതാകാം എന്ന ഗുരുതര ആരോപണങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ജഡ്ജി വില്യംസ് ഉത്തരവില്‍ വ്യക്തമാക്കി. കേസ് എങ്ങനെ അവസാനിപ്പിച്ചുവെന്നതുമായി ബന്ധപ്പെട്ട് ഗൗരവമേറിയ സംശയങ്ങളുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ട്രംപിനും യു എസ് നീതിന്യായ വകുപ്പിനും തിരിച്ചടിയാണ് പുതിയ നടപടി. അടുത്തിടെ പ്രഖ്യാപിച്ച ഒത്തുതീര്‍പ്പ് കരാര്‍ പ്രകാരം ഡെമോക്രാറ്റിക് ഭരണകൂടങ്ങളുടെ കാലത്ത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗം മൂലം തങ്ങള്‍ക്കു നാശനഷ്ടമുണ്ടായതായി ആരോപിക്കുന്നവര്‍ക്ക് 1.8 ബില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാര ഫണ്ട് രൂപീകരിച്ചിരുന്നു. ഇതോടൊപ്പം ട്രംപിനും കുടുംബാംഗങ്ങള്‍ക്കും അവരുടെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഗണ്യമായ നികുതി ആനുകൂല്യങ്ങളും ലഭിക്കുന്ന തരത്തിലായിരുന്നു കരാറെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

35 മുന്‍ ഫെഡറല്‍ ജഡ്ജിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കേസ് പുന:രാരംഭിക്കാന്‍ കോടതി തീരുമാനിച്ചത്. ഒത്തുതീര്‍പ്പ് കരാര്‍ കോടതിയോട് സത്യസന്ധത പാലിച്ചില്ലെന്ന ആശങ്ക ഉയര്‍ത്തുന്നതായും നീതിന്യായ സംവിധാനത്തെ ദുരുപയോഗം ചെയ്തിരിക്കാമെന്ന സംശയമുണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു.

മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ നിയമിച്ച ജഡ്ജിയായ വില്യംസ് കേസ് ആദ്യം തള്ളുന്നതിന് മുമ്പ് തന്നെ കേസിന്റെ ഇരുവശത്തും ട്രംപ് ഒരേസമയം നിലകൊള്ളുന്ന സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി കേസിന്റെ നിയമസാധുത ചോദ്യം ചെയ്തിരുന്നു.

ഒത്തുതീര്‍പ്പ് രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നുവെങ്കിലും പിന്നീട് നീതിന്യായ വകുപ്പ് കരാര്‍ അന്തിമമാക്കിയ രേഖകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ കോടതി തെറ്റിദ്ധരിപ്പിക്കപ്പെട്ടോ ഒത്തുതീര്‍പ്പ് നടപടികള്‍ ന്യായപരിശോധനയെ മറികടന്നോ എന്നത് അന്വേഷിക്കുമെന്ന് പുതിയ ഉത്തരവില്‍ ജഡ്ജി വ്യക്തമാക്കി.

കോടതി തന്നെ വഞ്ചനയുടെ ഇരയായിരിക്കാമെന്ന സാഹചര്യത്തില്‍ കേസ് ഔദ്യോഗികമായി വീണ്ടും തുറക്കേണ്ടതുണ്ടോ എന്ന് വിശദീകരിക്കാന്‍ ട്രംപിന്റെ അഭിഭാഷക സംഘത്തോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യായപരിശോധന ഒഴിവാക്കുന്നതിന് ട്രംപ് സ്വന്തം ഭരണകൂടവുമായി ചേര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കിയിരിക്കാമോ എന്ന കാര്യവും കോടതി ചോദ്യം ചെയ്തു. വിഷയത്തില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.

ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് കേസിനെതിരെ ശക്തമായ നിയമവാദങ്ങള്‍ ഉള്‍ക്കൊള്ളുന്ന 25 പേജുള്ള പ്രതിരോധരേഖ ഐ ആര്‍ എസ് തയ്യാറാക്കിയിരുന്നെങ്കിലും അത് ഒരിക്കലും കോടതിയില്‍ ഉപയോഗിച്ചിട്ടില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

മുന്‍ ജഡ്ജിമാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ നോര്‍മന്‍ ഈസ്ന്‍ ഗുരുതര ആരോപണങ്ങളെ കോടതി ഗൗരവമായി കാണുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചു. അന്വേഷണം പുരോഗമിക്കുമ്പോള്‍ കോടതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് നിയമവിരുദ്ധമായ സ്വകാര്യ ആനുകൂല്യങ്ങള്‍ നേടുന്നതിനും കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള നഷ്ടപരിഹാര സംവിധാനം സൃഷ്ടിക്കുന്നതിനുമായി കേസ് ഉപയോഗിച്ചുവെന്നാണ് മുന്‍ ജഡ്ജിമാരുടെ വാദം. കൂടാതെ, അതിവേഗം ഒത്തുതീര്‍പ്പ് നടപ്പാക്കി കോടതി മേല്‍നോട്ടം ഒഴിവാക്കാനും ശ്രമിച്ചുവെന്ന് ആരോപിക്കുന്നു. 

1.8 ബില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാര ഫണ്ടിനെതിരെ ഇതിനകം തന്നെ നിയമപരമായ വെല്ലുവിളികള്‍ ഉയര്‍ന്നിട്ടുണ്ട്. വിര്‍ജീനിയയിലെ ഒരു ഫെഡറല്‍ ജഡ്ജി ഫണ്ടുമായി ബന്ധപ്പെട്ട തുടര്‍നടപടികളും പണമിടപാടുകളും താത്ക്കാലികമായി തടഞ്ഞിട്ടുണ്ട്. പദ്ധതിയുടെ നിയമസാധുതയെക്കുറിച്ച് ഇരുകക്ഷി നിയമനിര്‍മാതാക്കളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ട്രംപും കുടുംബാംഗങ്ങളും അവരുടെ ബിസിനസ് സ്ഥാപനങ്ങളും ചേര്‍ന്നാണ് ജനുവരിയില്‍ കേസ് ഫയല്‍ ചെയ്തത്. ഐ ആര്‍ എസ് മുന്‍ കരാറുകാരനായ ചാള്‍സ് ലിറ്റില്‍ജോണ്‍ നികുതി രേഖകള്‍ അനധികൃതമായി പുറത്തുവിട്ടതിലൂടെ കുറഞ്ഞത് 10 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്.

ട്രംപിന്റെ ആദ്യ പ്രസിഡന്‍ഷ്യല്‍ കാലയളവില്‍ ചോര്‍ന്ന രേഖകള്‍ പിന്നീട് ന്യൂയോര്‍ക്ക് ടൈംസും പ്രോപബ്ലിക്കയും പ്രസിദ്ധീകരിച്ചിരുന്നു. ചോര്‍ച്ച തടയുന്നതില്‍ ഐ ആര്‍ എസ് പരാജയപ്പെട്ടുവെന്നായിരുന്നു ട്രംപിന്റെ ആരോപണം.

അതേസമയം, കേസില്‍ നിയമപരമായ നിരവധി ദൗര്‍ബല്യങ്ങള്‍ ഉണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാലാവധി സംബന്ധിച്ച നിയമതടസങ്ങളും സ്വതന്ത്ര കരാറുകാരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ ആര്‍ എസിനെ ഉത്തരവാദിയാക്കാനാകുമോയെന്ന ചോദ്യവും കേസിനെ ബാധിക്കുന്ന ഘടകങ്ങളാണ്.

ട്രംപിനും അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്കും നല്‍കിയ ഓഡിറ്റ് പരിരക്ഷാ വ്യവസ്ഥകള്‍ നീതിന്യായ വകുപ്പിന്റെ അധികാരപരിധി ലംഘിക്കുന്നതാകാമെന്നും ജഡ്ജി വില്യംസ് നിരീക്ഷിച്ചു. ഒത്തുതീര്‍പ്പ് കരാറിലെ വിവിധ ഭാഗങ്ങളില്‍ ആരൊക്കെയാണ് ഒപ്പുവെച്ചതെന്നതുമായി ബന്ധപ്പെട്ട നടപടിക്രമ ക്രമക്കേടുകളും കോടതി ചൂണ്ടിക്കാട്ടി.

കേസ് വീണ്ടും തുറക്കണമോയെന്നും ഒത്തുതീര്‍പ്പ് നടപടിക്കിടെ കോടതി തെറ്റിദ്ധരിപ്പിക്കപ്പെട്ടോയെന്നും സംബന്ധിച്ച് ജൂണ്‍ 12-നകം വിശദീകരണം നല്‍കാന്‍ ട്രംപിന്റെ നിയമസംഘത്തോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.