റഷ്യയുടെ വന്‍ ആക്രമണത്തിന് സാധ്യത; ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് സെലന്‍സ്‌കിയുടെ ആഹ്വാനം

റഷ്യയുടെ വന്‍ ആക്രമണത്തിന് സാധ്യത; ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് സെലന്‍സ്‌കിയുടെ ആഹ്വാനം


കീവ്: റഷ്യ യുക്രെയ്‌നിനെതിരെ വ്യാപക ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. വ്യോമാക്രമണ മുന്നറിയിപ്പുകള്‍ ഗൗരവമായി കാണുകയും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പൗരന്മാരോട് അഭ്യര്‍ഥിച്ചു.

2022-ല്‍ റഷ്യ സമ്പൂര്‍ണ അധിനിവേശം ആരംഭിച്ചതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുക്രെയ്ന്‍ നേരിട്ടത്. തലസ്ഥാനമായ കീവ് ഉള്‍പ്പെടെ നിരവധി പ്രദേശങ്ങള്‍ കനത്ത മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിരുന്നു.

കീവിലുള്ള വിദേശ നയതന്ത്ര പ്രതിനിധികള്‍ നഗരത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് റഷ്യ കൂടുതല്‍ ശക്തമായ സൈനിക നടപടികള്‍ക്ക് തയ്യാറെടുക്കുന്നുവെന്ന ആശങ്ക ശക്തമാക്കിയിരിക്കുകയാണ്.

റഷ്യന്‍ അധീനതയിലുള്ള ലുഹാന്‍സ്‌ക് മേഖലയിലെ ഒരു വിദ്യാര്‍ഥി ഹോസ്റ്റലിനും തൊഴില്‍ പരിശീലന കേന്ദ്രത്തിനും നേരെയുണ്ടായ യുക്രെയ്‌നിയന്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റഷ്യയുടെ ആരോപണം. ഇതിന് മറുപടിയായാണ് പുതിയ സൈനിക നടപടികള്‍ ആലോചിക്കുന്നതെന്നാണ് മോസ്‌കോയുടെ വിശദീകരണം.

രാജ്യത്തിന്റെ വ്യോമസേനയും ആകാശ പ്രതിരോധ സേനകളും 24 മണിക്കൂറും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സെലെന്‍സ്‌കി വ്യക്തമാക്കി.

റഷ്യന്‍ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ സഹായം നല്‍കണമെന്ന് സെലന്‍സ്‌കി അന്താരാഷ്ട്ര പങ്കാളികളോട് വീണ്ടും അഭ്യര്‍ഥിച്ചു. ഇതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും അദ്ദേഹം കത്തയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, റഷ്യയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് മറുപടിയായി റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്കും റഷ്യയ്ക്കുള്ളിലെ ചില ലക്ഷ്യങ്ങള്‍ക്കുമെതിരെ യുക്രെയ്‌നും ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

മോസ്‌കോയും കീവും തമ്മില്‍ സമാധാന കരാര്‍ ഉണ്ടാക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ ഇതുവരെ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായതോടെ അമേരിക്കയുടെ ശ്രദ്ധയും വിഭവങ്ങളും മറ്റിടങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നതും നയതന്ത്ര ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.