നവകേരള യാത്രയിലെ രക്ഷാപ്രവർത്തനം: ​ഗൺമാൻമാർക്കെതിരേ വധശ്രമ കുറ്റം

നവകേരള യാത്രയിലെ രക്ഷാപ്രവർത്തനം: ​ഗൺമാൻമാർക്കെതിരേ വധശ്രമ കുറ്റം


ആലപ്പുഴ: നവകേരള യാത്രയ്ക്കിടയിൽ ആലപ്പുഴയിലെ 'രക്ഷാ പ്രവര്‍ത്തന' സംഭവത്തിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌.ഐ.ടി റിപ്പോര്‍ട്ട്. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടിതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികള്‍ കീഴടങ്ങാനുള്ള സൂചന നിലനിര്‍ത്തിയാണ് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തിയപ്പോൾ പുതിയ വകുപ്പുകൾ ചേർത്ത റിപ്പോർട്ട് എസ്.ഐ.ടി സമർപ്പിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ ഉദ്യോഗസ്ഥനെ ശകാരിച്ചിരുന്നു. ഇതേ തുടർന്ന് കോടതി കേസ് മാറ്റിവെച്ചു.

പ്രതികളായ അനിൽ കുമാർ, സന്ദീപ് എന്നിവർ കോടതിയിൽ എത്തി കീഴടങ്ങിയേക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് എസ്.ഐ.ടി വധശ്രമക്കുറ്റം കൂടി ചുമത്തിയത്. പ്രതികൾ കോടതിയിൽ കീഴടങ്ങി ജാമ്യം നേടുന്നത് തടയാനാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയുള്ള എസ്.ഐ.ടിയുടെ നീക്കം. 

നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ​ഗൺമാൻമാർ അടക്കം 5 പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, പോലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുണ്‍, വിപിന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

2023 ഡിസംബറിലാണ് വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവം നടക്കുന്നത്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ആലപ്പുഴ ജനറല്‍ ആശുപത്രി ജംങ്ഷനിലൂടെ കടന്നുപോയപ്പോള്‍ കരിങ്കൊടി കാണിച്ച, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എ.ഡി തോമസ്, അജയ് ജുവല്‍ കുര്യാക്കോസ് എന്നിവര്‍ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പൊലീസുകാര്‍ സ്ഥലത്തുനിന്ന് മാറ്റിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിയ ഗണ്‍മാന്‍ അനില്‍ കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ്. സന്ദീപും ചേര്‍ന്ന് പ്രവര്‍ത്തകരെ ലാത്തി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.